ബിജെപി വീണ്ടും വെട്ടില്‍: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചെന്ന് വ്യാജ വാര്‍ത്തയുണ്ടാക്കി: ഫോട്ടോഷോപ്പ് തന്ത്രത്തില്‍ നേതാക്കള്‍ നാണംകെട്ടു

single-img
24 November 2017

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച ബിജെപി നേതാക്കള്‍ വെട്ടിലായി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചുവെന്ന വ്യാജ എഴുത്ത് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ നാടകം.

പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അശ്ലീല സിഡി പ്രചരിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെയും വ്യാജ ആരോപണം ഉന്നയിച്ചത്. ബിജെപി നടത്തിയ ഈ കള്ളത്തരം ഇതിനോടകം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റുവിഭജനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവച്ചതായാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. സോണിയാ ഗാന്ധിക്ക് സോളങ്കി എഴുതിയ കത്ത് എന്ന പേരിലാണ് ബിജെപി വ്യാജ ലെറ്റര്‍പാഡിലുള്ള എഴുത്ത് പ്രചരിപ്പിച്ചത്.

അര്‍ഹതയില്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയത് തന്നെ വിഷമിപ്പിച്ചുവെന്നാണ് എഴുത്തിന്റെ ഉള്ളടക്കം. ബിജെപിയുടെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിട്ടുണ്ടെന്ന് സോളങ്കി അറിയിച്ചു. ബിജെപിയുടെ ഇത്തരം തന്ത്രങ്ങള്‍ കോണ്‍ഗ്രസിന്റെ മുഖത്ത് കരിവാരി തേക്കാനാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.