ദിലീപ് കേസിൽ പ്രധാനമന്ത്രിക്ക് സലിം ഇന്ത്യ നൽകിയ പരാതിയിൽ വഴിത്തിരിവ്

single-img
23 November 2017

തിരുവനന്തപുരം: ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പുതിയ വഴിത്തിരിവ്. സലിം ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍.

സലിം ഇന്ത്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ക്കായി ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിച്ച് സെപ്റ്റംബര്‍ 15 നാണ് സലിം പ്രധാനമന്ത്രിക്കു പരാതി നല്‍കിയത്. ഈ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 6ാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ കുമാര്‍ ഷൈലേന്ദ്ര ഒപ്പിട്ട കത്തും കേരള സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ചീഫ് സെക്രട്ടറി മുഖാന്തിരം ആഭ്യന്തര സെക്രട്ടറിക്കു ലഭിച്ച പരാതിയില്‍ ആവശ്യമായ നടപടികള്‍ക്കായി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയിട്ടുണ്ടെന്ന വിവരം ആഭ്യന്തര വകുപ്പ് സെക്രട്ടറി (അഡീഷണല്‍ ചീഫ് സെക്രട്ടറി)ക്കു വേണ്ടി ആഭ്യന്തര വകുപ്പ് പരാതിക്കാരനെ അറിയിച്ചു. അതേസമയം പ്രധാനമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് എന്തു നടപടിയെടുത്തു എന്നാരാഞ്ഞുകൊണ്ട് ഒക്ടോബര്‍ 23ന് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തിന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സലിം ഇന്ത്യയ്ക്കു നല്‍കിയ മറുപടിയിലാണ് പരാതി ആവശ്യമായ നടപടികള്‍ക്കായി ഡിജിപിക്ക് കൈമാറിയ വിവരം അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.