ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ റിസോര്‍ട്ട് ഡിവൈഎഫ്‌ഐ തല്ലി തകര്‍ത്തു

single-img
23 November 2017

ഏഷ്യാനെറ്റ് ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ചുവെന്ന ആരോപണമുള്ള കുമരകത്തെ റിസോര്‍ട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയും ഭൂമിയില്‍ കൊടികുത്തുകയും ചെയ്തു.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി റിസോര്‍ട്ടിന്റെ കയ്യേറ്റത്തിനെതിരേ റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു പ്രതിഷേധത്തിനു തയ്യാറായതെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. കോടതി നിര്‍ദേശം ഉണ്ടായിട്ടും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിന്റെ കയ്യേറ്റത്തിനെതിരേ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

നിരന്തരമായ ആവശ്യമുണ്ടായിട്ടും നടപടികള്‍ ഉണ്ടാകുന്നില്ല. ഈയൊരു ഘട്ടത്തിലാണ് ഡിവൈഫ്‌ഐ ശക്തമായ പ്രതിഷേധത്തിലേക്ക് തിരിഞ്ഞതെന്നും ഡിവൈഎഫ്‌ഐ നേതാവ് മിഥുന്‍ പറഞ്ഞു. നിരാമയ റിസോര്‍ട്ട് കയ്യേറി ഭൂമി അളന്ന് തിരിച്ചു പഞ്ചായത്തിനെ ഏല്‍പ്പിക്കണമെന്ന കോടതി നിര്‍ദേശം റവന്യു വിഭാഗം നടപ്പാക്കുന്നില്ലെന്നാരോപിച്ച് കുമരകം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ഡിവൈഎഫ്‌ഐ ഇതേ ആവിശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച് ഈ കാര്യത്തില്‍ ഉടനടി നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കുകയും ചെയ്തു.

രാജീവ് ചന്ദ്രശേഖർ

ഇന്നു രാവിലെയാണ് റിസോര്‍ട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. അതിനു ശേഷമാണ് റിസോര്‍ട്ട് അടിച്ചു തകര്‍ത്തത്. രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ നിരാമയ റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്ന കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. റിസോര്‍ട്ടിനുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കൊടി നാട്ടി. റിസോര്‍ട്ടിലേക്ക് സ്വകാര്യമായി ഉപയോഗിച്ചുവന്ന റോഡിലേക്കുള്ള ഗേറ്റുകള്‍ തകര്‍ക്കുകയും ഈ വഴി പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുകയും ചെയ്തു.

ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി പിഎന്‍ബിനു., സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ് സജേഷ് ശശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റിസോര്‍ട്ട് അടിച്ചു തകര്‍ത്തത്. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത് ഏഷ്യാനെറ്റ് നല്‍കിയ കായല്‍ കയ്യേറ്റ വാര്‍ത്തകളായിരുന്നു. ഇതേ ഏഷ്യാനെറ്റ് തലവന്‍ തന്നെ കായല്‍ കയ്യേറിയിരിക്കുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.