പത്മാവതിയ്ക്ക് യുകെയില്‍ പ്രദര്‍ശനാനുമതി; സിനിമ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കള്‍

single-img
23 November 2017

പത്മാവതി സിനിമയ്ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. സെന്‍സര്‍ ചെയ്യാത്ത പതിപ്പ് ഡിസംബര്‍ ഒന്നിന് തന്നെ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കാമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ബിബിഎഫ്‌സി ഇക്കാര്യമറിയിച്ചത്. ചിത്രത്തിന് 12എ സര്‍ട്ടിഫിക്കേഷനാണ് നല്‍കിയിട്ടുള്ളത്.

അതേസമയം, എന്നാല്‍ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി ലഭിക്കാതെ ബ്രിട്ടനില്‍ ചിത്രം പുറത്തിറക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. ചിത്രത്തിന്റെ സെന്‍സറിംഗ് ഇന്ത്യയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്ബ് ചരിത്രകാരന്‍മാരുടെ അഭിപ്രായം തേടാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിന് ശേഷമേ സെന്‍സര്‍ ബോര്‍ഡ് അന്തിമ തീരുമാനം സ്വീകരിക്കൂ. ഇതിനിടെ ചിത്രത്തിന് യുകെയില്‍ പ്രദര്‍ശനാനുമതി ലഭിച്ചത് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന് വന്‍തിരിച്ചടിയായിട്ടുണ്ട്.

രാജ്യത്ത് ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ പത്മാവതി പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിലാണ് ഏറ്റവുമൊടുവില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചത്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം രജപുത്ര സമൂഹത്തിന്റെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഗുജറാത്തില്‍ പ്രദര്‍ശനാനുമതി നല്‍കില്ലെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞിരുന്നു.

പത്മാവതിക്കു പ്രദര്‍ശനാനുമതി നല്‍കണമെന്ന അപേക്ഷയിന്മേല്‍ ഉടന്‍ തീരുമാനമെടുക്കുക എന്നത് അസാധ്യമാണെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി)അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി അഭിപ്രായപ്പെട്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പത്മാവതിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം ആവശ്യമാണെന്നും പ്രസൂണ്‍ ജോഷി വ്യക്തമാക്കിയിരുന്നു.