ബിസിസിഐക്കെതിരെ തുറന്നടിച്ച് വിരാട് കൊഹ്‍ലി

single-img
23 November 2017

ബിസിസിഐക്കെതിരെ തുറന്നടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്‍ലി രംഗത്ത്. താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കാത്തതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത പരന്പര.

എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നതിന് മുമ്പായി രണ്ട് ദിവസം മാത്രമാണ് ടീമിന് ഇടവേള ലഭിക്കുക. ആവശ്യത്തിന് വിശ്രമം നല്‍കാതെയാണ് കളികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് കോഹ്ലി പറയുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി സജ്ജരാകാന്‍ ആവശ്യത്തിന് സമയമില്ലെന്നും പ്രകടനം മോശമായാല്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും കൊഹ്‍ലി പറഞ്ഞു. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കൂടി മുന്നില്‍ കണ്ട് ഫാസ്റ്റ് ബൌളിങ് പിച്ചുകള്‍ ഒരുക്കാന്‍ ആവശ്യപ്പെടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഒരു മാസമൊക്കെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ ഒരു ക്യാമ്പൊക്കെ നടത്തി വേണ്ട രീതിയില്‍ തയ്യാറാകാമായിരുന്നു. കിട്ടിയ സമയത്തിനനുസരിച്ച് സ്വയം ക്രമീകരിക്കുക മാത്രമാണ് ഇപ്പോഴുള്ള ഏക മാര്‍ഗം.

പ്രകടനങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയരാകാന്‍ ക്രിക്കറ്റ് താരങ്ങള്‍ ബാധ്യസ്ഥരാണെങ്കിലും അവര്‍ക്ക് തയ്യാറെടുക്കാന്‍ എത്രമാത്രം സമയം ലഭിച്ചെന്നത് കൂടി പരിഗണന വിഷയമാക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. വിദേശ പര്യടനങ്ങളില്‍ അശ്വിനും ജ‍ഡേജയും ഒരുപോലെ ഒരു ടീമിലുണ്ടാകുമെന്ന് പറയാനാകില്ലെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.