ചികിത്സ കിട്ടാതെ മുരുകന്റെ മരണം:കൊല്ലം മെഡിട്രിന, മെഡിസിറ്റി,അസീസിയ,തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്‌ടർമാർ പ്രതികൾ

single-img
23 November 2017

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തിൽ വിവിധ ആശുപത്രികളിലെ ആറ് ഡോക്‌ടർമാർ പ്രതികളാകും. മുരുകനെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്‌ടറും രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയും ഗുരുതര വീഴ്‌ച വരുത്തി. ഇത് കൂടാതെ കൊല്ലം മെഡിസിറ്റി, മെഡിട്രിന ആശുപത്രികളിലെ ഡോക്‌ടർമാരെയും പ്രതികളാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പോലീസ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ഇതുവരെ കൈമാറിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം, കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോലീസ് സമീപിച്ചിട്ടുണ്ട്.ഈ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസ് നീക്കം.

കേസിൽ നിന്ന് കൊല്ലം കിംസ്, എസ്.യു.ടി റോയൽ ആശുപത്രികളെ ഒഴിവാക്കി. കേസിൽ 45 സാക്ഷികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം മെഡിട്രിന ആശുപത്രിയിലെ ഡോ.പ്രീതി ,മെഡിസിറ്റിയിലെ ഡോ.ബിലാൽ അഹമ്മദ് , തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.പാട്രിക്ക് , ഡോ.ശ്രീകാന്ത്, അസീസിയ മെഡിക്കൽ കോളേജിലെ ഡോ.രോഹൻ, ഡോ.ആഷിക്ക് എന്നിവരെ പ്രതികളാക്കാനാണ് തീരുമാനം. ഈ ഡോക്‌ടർമാർ വിചാരിച്ചിരുന്നെങ്കിൽ മുരുകനെ രക്ഷിക്കാമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് തമിഴ്‌നാട് സ്വദേശിയായ മുരുകന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും വിവിധകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. ആകെ 45 സാക്ഷികളാണ് കേസിലുള്ളത്.