വളര്‍ത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനെയും നഷ്ടമായേക്കും;ഷെറിന്‍ മാത്യുസിന്റെ സഹോദരിയെ ബന്ധുക്കള്‍ക്കു കൈമാറി

single-img
23 November 2017

ടെക്‌സസ്: വളര്‍ത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനെയും നഷ്ടമായേക്കും. വളര്‍ത്തു മകളായിരുന്ന ഷെറിന്‍ മാത്യുസിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയ മലയാളി ദമ്പതികള്‍ വെസ്ലി മാത്യുസിന്റെയും സിനി മാത്യുസിന്റെയും മൂന്ന് വയസ്സുകാരിയായ സ്വന്തം മകളെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് (സിപിഎസ്) കുഞ്ഞിന്റെ ബന്ധുക്കള്‍ക്കു കൈമാറി.

ഷെറിനെ കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെ കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ ഈ കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് വിവരം. കുഞ്ഞിനെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട സിനിയും വെസ്ലിയും നേരത്തെ ശിശുസംരക്ഷണ സമിതിക്ക് പരാതിയും നല്‍കിയിരുന്നു. ഹൂസ്റ്റണിലുള്ള ബന്ധുവിന്റെ സംരക്ഷണയിലാണു കുഞ്ഞിനെ കൈമാറിയത്.

അതേസമയം, ഷെറിനെ തനിയെ വീട്ടിലാക്കി പോയ കുറ്റത്തിന് അറസ്റ്റിലായ സിനി ജാമ്യത്തുകയില്‍ ഇളവുതേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ടരലക്ഷം ഡോളര്‍ ബോണ്ടിലാണു സിനി റിച്ചര്‍ഡ്‌സണ്‍ ജയിലില്‍ കഴിയുന്നത്. കുട്ടിയെ പാലു കുടിക്കാത്തതിന്റെ പേരില്‍ വീടിന് പുറത്ത് നിര്‍ത്തുകയും പിന്നീട് കുട്ടിയെ കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പൊലീസിന് നല്‍കിയ വിവരം. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം റിച്ചാര്‍ഡ്‌സണിലെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു കലുങ്കിനടിയില്‍ നിന്നും കിട്ടിയത്.

മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേള്‍ക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി പറഞ്ഞിരുന്നു. വടക്കന്‍ ടെക്സാസിലെ റിച്ചാര്‍ഡ്സണിലുള്ള വെസ്ലി മാത്യുവും സിനി മാത്യുവും ബിഹാറിലെ നളന്ദയിലുള്ള ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ ജൂണ്‍ 23നാണ് ഷെറിനെ ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയത്. വൈറ്റില ജനത എല്‍.എം. പൈലി റോഡില്‍ നടുവിലേഴത്ത് സാം മാത്യുവിന്റെയും വല്‍സമ്മയുടെയും മകനാണു വെസ്ലി മാത്യു. നാട്ടിലെത്തിയപ്പോള്‍ വെസ്ലിയും സിനിയും വളരെ സ്‌നേഹത്തോടെയാണു കുഞ്ഞിനോടു പെരുമാറിയിരുന്നതെന്നും വെസ്ലിക്ക് മൂത്ത മകള്‍ ഉണ്ടായിരുന്നെങ്കിലും ഷെറിനോടും വളരെ കരുതലായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു.

എന്നാല്‍ സാമിനും വല്‍സമ്മയ്ക്കും കുഞ്ഞിനെ ദത്തെടുത്തതിനോടു താല്‍പര്യമില്ലായിരുന്നുവെന്നാണ് സൂചന. ഒരു വര്‍ഷത്തേക്ക് അമേരിക്കയിലേക്കു പോയ സാമും ഭാര്യയും രണ്ടു മാസം മുമ്പാണു തിരിച്ചെത്തിയത്. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ സാമിന് മൂന്നു മക്കളാണുള്ളത്. ആണ്‍മക്കള്‍ രണ്ടുപേരും അമേരിക്കയിലും മകള്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുമാണ്. ഷെറിനെ കാണാതായ വാര്‍ത്തകള്‍ വന്നശേഷം സാമും വല്‍സമ്മയും വീടുപൂട്ടി പോയതായി സമീപവാസികള്‍ പറഞ്ഞു. അയല്‍ക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15-നു പള്ളിയില്‍ പോയശേഷം തിടുക്കത്തില്‍ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാര്‍ത്തകള്‍ സംബന്ധിച്ച് അയല്‍ക്കാരുമായി സംസാരിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല.