സഹപ്രവര്‍ത്തകന്റെ മകളെ പീഡിപ്പിച്ച കേണല്‍ അറസ്റ്റില്‍:ഔദ്യോഗിക വസതിയില്‍ വെച്ചയിരുന്നു പീഡനം

single-img
23 November 2017


ഷിംല: ലഫ്റ്റനന്റ് കേണലിന്റെ മകളെ പീഡിപ്പിച്ചതിന് കേണലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷിംലയില്‍ ആര്‍മി ട്രെയിനിംഗ് കമാന്‍ഡില്‍ അംഗമായ ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്. മോഡലിംഗ് രംഗത്തെ ഒരാളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച്ചയാണ് ഔദ്യോഗിക വസതിയില്‍ വച്ച് കേണലും സുഹൃത്തും ചേര്‍ന്ന് ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ തന്നെ ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് പെണ്‍കുട്ടിയെയും പിതാവിനെയും വിരുന്നിന് ക്ഷണിച്ച കേണല്‍ കുട്ടിക്ക് മോഡലിംഗില്‍ ഭാവിയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഫോട്ടോകള്‍ വാട്‌സ്അപ്പ് ചെയ്യാനും പറഞ്ഞു.

ഇതിനു ശേഷമാണ് തിങ്കളാഴ്ച്ച പെണ്‍കുട്ടിയോട് വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടത്. സംഭവം പുറത്തുപറഞ്ഞാല്‍ പിതാവിന്റെ ജോലി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കേണലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം പൊലീസ് പുറത്തുവിട്ടെങ്കിലും ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കേണല്‍ അറസ്റ്റിലായെങ്കിലും സുഹൃത്തിനെ ഇനിയും പിടികൂടാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.