മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികൾ കൂറുമാറുമെന്ന് പേടി;വിചാരണ വേഗത്തിലാക്കും

single-img
23 November 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനാണ് ധാരണ. വൈകിയാല്‍ മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.പ്രത്യേക കോടതി വേണമെന്നും ആവശ്യപ്പെടും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. ആകെ 14 പ്രതികള്‍, രണ്ടുപേര്‍ മാപ്പുസാക്ഷികള്‍. സുനിക്ക് അകമ്പടി പോകുകയും വിളിക്കാന്‍ ഫോണ്‍ നല്‍കുകയും ചെയ്ത പോലീസുകാരന്‍ അനീഷും സുനിയെ കത്തെഴുതാന്‍ സഹായിച്ച തടവുകാരന്‍ വിപിന്‍ലാലുമാണ് മാപ്പുസാക്ഷിയാകുന്നത്. നടിയോടുള്ള ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നു.

സിനിമാ മേഖലയില്‍ നിന്നു തന്നെ അമ്പതോളം പേര്‍ സാക്ഷികളായ കേസില്‍ വിചാരണ നീളുന്നത് കേസിന്റെ ഫലപ്രാപ്തിയെ തന്നെ ബാധിക്കുമെന്ന് അന്വേഷണസംഘം പറയുന്നു. ഈ സാഹചര്യത്തിലാണ് കേസ് നടപടികള്‍ വേഗത്തില്‍ വേണമെന്നും പ്രത്യേക കോടതി വേണമെന്ന് പറഞ്ഞിരിക്കുന്നത്.

അതേസമയം കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയേക്കും. നടിയോടു ദിലീപിന് വൈരാഗ്യമുണ്ടായ സാഹചര്യങ്ങളും ആക്രമിക്കാന്‍ നടനും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുമാണ് കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മഞ്ജു വാരിയര്‍ക്ക് നല്‍കിയതാണു വൈരാഗ്യത്തിനു കാരണം. ഇക്കാര്യം പറഞ്ഞ് നടന്‍ സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ അമ്മ താരനിശയില്‍വച്ച് ദിലീപ് നടിയെ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ക്വട്ടേഷന്‍ ഉറപ്പാക്കിയ 2013 ല്‍ തന്നെ നടിയെ ലക്ഷ്യമിട്ട് സുനിയും സംഘവും വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. കേരളത്തിന് പുറത്ത് നടത്തിയ ആദ്യ ആസൂത്രണം പക്ഷേ പാളിപ്പോയി. മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും പദ്ധതി ആസൂത്രണം ചെയ്‌തെങ്കിലും അതും പാളിയതോടെ മൂന്നാമത് പിഴയ്ക്കാത്ത അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അങ്ങിനെയാണ് സിനിമയുടെ ഡബ്ബിംഗിനായി തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് നടി വരുമ്പോള്‍ സുനിയും കൂട്ടരും തട്ടിക്കൊണ്ടു പോയതും ആക്രമണം നടത്തിയതും.