എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയാകും;ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്ന് ചെന്നിത്തല.

single-img
23 November 2017


തിരുവനന്തപുരം:മംഗളം ഫോൺ കെണി വിവാദത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയാകും. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി ഇടതുമുന്നണിക്കു ഇന്ന് കത്തുനല്‍കും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. അടുത്ത ഇടതുമുന്നണി യോഗം ശശീന്ദ്രന്റെ തിരിച്ചുവരവിന് അനുമതി നല്‍കുമെന്നാണു ലഭ്യമായ സൂചന.
എ.കെ.ശശീന്ദ്രനു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതിനു തടസ്സമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതോടെയാണു മടങ്ങിവരവിനു വഴി തെളിഞ്ഞത്.
അതേസമയംഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടത്പക്ഷം എന്നും കൊട്ടിയാഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇതെന്നും എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു.
ആരോപണവിധോയമായ കുറ്റം ചെയ്തിട്ടില്ല എന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നാണ് . ശശീന്ദ്രന്‍ രാജിവെച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത നഷ്ടപ്പെട്ടപ്പോളായിരുന്നു രാജി. അത് ഇതുവരെയും മാറിയിട്ടില്ല. ചാനല്‍ അടച്ചുപൂട്ടണംഎന്ന് പറയുമ്പോള്‍ കുറ്റം ചെയ്ത മന്ത്രി മാത്രം എങ്ങനെ കുറ്റവിമുക്തനാകുമെന്നും ചെന്നിത്തല ചോദിച്ചു.