‘നിന്നെ ഒരു കാര്യം ഏല്പിച്ചിട്ട് കുറേ നാളായല്ലോ’;ദേഷ്യംപിടിച്ചുള്ള ദിലീപിന്റെ ചോദ്യത്തിനു പിന്നാലെ പൾസർ സുനിയും സംഘവും പിഴയ്ക്കാത്ത മൂന്നാം ശ്രമത്തിനിറങ്ങി

single-img
23 November 2017

‘നിന്നെ ഒരു കാര്യം ഏല്പിച്ചിട്ട് കുറേ നാളായല്ലോ’ ദേഷ്യംപിടിച്ചുള്ള ദിലീപിന്റെ ഈ ചോദ്യത്തിനു പിന്നാലെയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങൾ പകർത്തിയതെന്ന് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഏറെക്കാലത്തെ ഗൂഢാലോചന വെളിവാക്കുന്ന തെളിവുകളും ഇന്നലെ അങ്കമാലി ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. എട്ടാം പ്രതിയാണ് ദിലീപ്.

ദാമ്പത്യം തകര്‍ന്നതിന് പിന്നില്‍ നടിയാണെന്ന് വിശ്വസിച്ച് വ്യക്തിപരമായ പക മൂത്ത് നടിയെ ആക്രമിക്കാനും വാഹനത്തിനുള്ളിലിട്ട് കൂട്ട ബലാത്സംഗം ചെയ്യാനും ദിലീപ് പള്‍സര്‍ സുനിയുമായി ഗൂഡാലോചന നടത്തിയത് നാലുവര്‍ഷം മുമ്പ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് കാണിച്ച് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവുകള്‍ നിരത്തിയാണ് പോലീസ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയേക്കും. നടിയോടു ദിലീപിന് വൈരാഗ്യമുണ്ടായ സാഹചര്യങ്ങളും ആക്രമിക്കാന്‍ നടനും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുമാണ് കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മഞ്ജു വാരിയര്‍ക്ക് നല്‍കിയതാണു വൈരാഗ്യത്തിനു കാരണം. ഇക്കാര്യം പറഞ്ഞ് നടന്‍ സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ അമ്മ താരനിശയില്‍വച്ച് ദിലീപ് നടിയെ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ക്വട്ടേഷന്‍ ഉറപ്പാക്കിയ 2013 ല്‍ തന്നെ നടിയെ ലക്ഷ്യമിട്ട് സുനിയും സംഘവും വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. കേരളത്തിന് പുറത്ത് നടത്തിയ ആദ്യ ആസൂത്രണം പക്ഷേ പാളിപ്പോയി. മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും പദ്ധതി ആസൂത്രണം ചെയ്‌തെങ്കിലും അതും പാളിയതോടെ മൂന്നാമത് പിഴയ്ക്കാത്ത അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അങ്ങിനെയാണ് സിനിമയുടെ ഡബ്ബിംഗിനായി തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് നടി വരുമ്പോള്‍ സുനിയും കൂട്ടരും തട്ടിക്കൊണ്ടു പോയതും ആക്രമണം നടത്തിയതും.