രാഹുല്‍ ഗാന്ധി ക്ഷേത്രത്തില്‍ ഇരിക്കുന്നത് നിസ്‌ക്കരിക്കാന്‍ ഇരിക്കുന്നതുപോലെ: പരിഹസിച്ച് യോഗി ആദിത്യനാഥ്

single-img
22 November 2017

ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ക്ഷേത്രത്തില്‍ എങ്ങനെ ഇരിക്കണമെന്ന് അറിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനത്തെ പരിഹസിച്ചാണ് യോഗി രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി ഗുജറാത്തിലെ വിവിധക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അതിലൂടെ അദ്ദേഹത്തിന്റെ മനസ്സ് ശുദ്ധമാകുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ആ പാവത്തിന് അറിയില്ലെന്ന് യോഗി പറയുന്നു.

അക്കാര്യം ഓര്‍ക്കുമ്പോള്‍ തനിക്ക് ദുഃഖവും ചിരിയും വരുന്നുണ്ടെന്നും കാശി വിശ്വാനാഥ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍, നിസ്‌കരിക്കാന്‍ ഇരിക്കുന്നതു പോലെ ആയിരുന്നു രാഹുല്‍ ഇരുന്നത്. അത് പള്ളിയല്ല ക്ഷേത്രമാണെന്ന് പുരോഹിതന്‍ രാഹുലിന് പറഞ്ഞുകൊടുക്കണമായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു.

ശ്രീകൃഷ്ണനും ശ്രീരാമനും സങ്കല്‍പ്പങ്ങളാണെന്നു പറഞ്ഞ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷന്‍ എന്തിനാണ് ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ലഖ്‌നൗവില്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ ആയിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശങ്ങളെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ ഒമ്പതിനാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. 14 നാണ് രണ്ടാംഘട്ടം.