സൗദിയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് അമേരിക്ക: പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

single-img
22 November 2017

സൗദി അറേബ്യയ്ക്കുനേരെ തീവ്രവാദി ആക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്ക. രാജ്യത്ത് തീവ്രവാദ ആക്രമണ ഭീഷണികളും ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയും നിലനില്‍ക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സൗദി അറേബ്യയിലേക്കു പോകുന്ന യു.എസ് പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘സൗദി അറേബ്യയ്‌ക്കെതിരെ തുടര്‍ച്ചയായ തീവ്രവാദി ആക്രമണ ഭീഷണിയും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ഭീഷണിയും ഉയരുന്നതിനാല്‍ സൗദിയിലേക്കുള്ള യാത്ര യു.എസ് പൗരന്മാര്‍ അപകടകരമായി കണക്കാക്കണം’ എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പ്.

സൗദിയുടെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദഹ്രം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തീവ്രവാദ ഭീഷണി നില്‍ക്കുന്നുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ രാജ്യത്ത് എവിടെയും ആക്രമണം നടക്കാം. പള്ളികള്‍, മതപരമായ കേന്ദ്രങ്ങള്‍, യു.എസിലെയും മറ്റു പാശ്ചാത്യ രാജ്യങ്ങളിലെയും ആളുകള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാനിടയുള്ള കേന്ദ്രങ്ങള്‍ എന്നിവ ഇവര്‍ ലക്ഷ്യമിട്ടേക്കാമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അതേസമയം അമേരിക്കയുടെ ഈ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് സൗദി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.