സൗദിയില്‍ ജനജീവിതം സ്തംഭിച്ചു: ജിദ്ദ-മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം നിര്‍ത്തി: ജനങ്ങള്‍ വീടുവിട്ടിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം

single-img
22 November 2017ജിദ്ദ: സൗദിയില്‍ ഉണ്ടായ കനത്ത മഴയില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയില്‍ ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ തിങ്കളാഴ്ചമുതല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിരവധി സ്ഥലങ്ങളില്‍ അപകടങ്ങള്‍ സംഭവിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ വെളളത്തില്‍ മുങ്ങി കിടക്കുന്നതു കാണാം. മഴവെളളപ്പാച്ചിലില്‍ കുടുങ്ങിയ 241 പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പല സ്ഥലത്തും വൈദ്യുതി തടസ്സം അനുഭവപ്പെടുന്നുണ്ട്.

അതിനിടെ 180 പേര്‍ക്ക് വൈദ്യുതാഘാതം ഏറ്റതായും അധികൃതര്‍ പറഞ്ഞു. ഒരാള്‍ ഷോക്കേറ്റ് മരിച്ചതായും, മറ്റൊരാള്‍ വീട് തകര്‍ന്ന് മരിച്ചതായും പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. 2000ത്തോളം പേര്‍ രക്ഷാസേനയുടെ സഹായം തേടി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ജിദ്ദ മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടഞ്ഞു.

നഗരത്തിലെ തുരങ്കങ്ങളില്‍ വെള്ളം നിറഞ്ഞുകവിഞ്ഞു. ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാല്‍ പലരുടെയും വിമാനയാത്ര മുടങ്ങി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. യാത്രികരും പൈലറ്റുമാരും വൈകിയതിനാല്‍ പല വിമാനങ്ങളും പുറപ്പെടാന്‍ വൈകി.

ജിദ്ദ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണം ഇടിമിന്നലില്‍ തകരാറിലായെങ്കിലും പിന്നീട് ശരിയാക്കി. രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും കനത്ത മഴയെത്തുടര്‍ന്ന് തുറക്കുകയില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.

യാന്‍ബു ഗവര്‍ണേറ്റ് സ്‌കൂളുകളിലും ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു. ജനങ്ങള്‍ വീടുവിട്ടിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മക്ക, മദീന, യാംബു എന്നിവിടങ്ങളിലും ശക്തമായ മഴയാണുണ്ടായത്.

ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ മഴതുടരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മെറ്ററോയോളജി എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു

2009ല്‍ അപ്രതീക്ഷിതമായി പെയ്ത മഴയും പ്രളയവും വന്‍ദുരന്തമാണുണ്ടാക്കിയത്. ഇത് മുന്നില്‍ കണ്ട് സര്‍വസജ്ജമായിരുന്നു സിവില്‍ ഡിഫന്‍സ് വിഭാഗം. ശക്തമായി പെയ്ത മഴ പലഭാഗത്തും റോഡുകള്‍ തോടാക്കി. ഗവര്‍ണര്‍മാരുടെ നേരിട്ടുള്ള മേല്‍ നോട്ടം ദുരിതമേഖലയിലുണ്ടായി.

രക്ഷാ വിളികള്‍ ഏറെയെത്തിയത് വാഹനത്തില്‍ കുടുങ്ങിയാണ്. ഇങ്ങിനെ രക്ഷിച്ചത് നാന്നൂറിലേറെ പേരെ. മാന്‍ഹോളില്‍ കുടുങ്ങിയവരേയും രക്ഷിക്കാനെത്തി സിവില്‍ ഡിഫന്‍സ് വിഭാഗം. വെള്ളം കയറിയതോടെ കുടുങ്ങിയ കാറുകള്‍ക്ക് വിദേശികളും സ്വദേശികളും സഹായവുമായെത്തി .

അടുത്ത ദിവസങ്ങളില്‍ വിവിധ പ്രവിശ്യകളില്‍ മഴയേറും. മാന്‍ഹോളുകളെക്കുറിച്ച് ജാഗ്രതയുണ്ടാകണം. ചില കെട്ടിടങ്ങളില്‍ വെള്ളം ചോര്‍ന്ന് ഇരുന്നൂറോളം പേര്‍ക്ക് ഷോക്കേറ്റു. വെള്ളമുയര്‍ന്നതിനാല്‍ അസുഖങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതിനായി മുന്‍കരുതലെടുത്തിട്ടുണ്ട് ആരോഗ്യവിഭാഗം അറിയിച്ചു.