സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമങ്ങളെ കയറ്റരുതെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

single-img
22 November 2017

സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമങ്ങളെ കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുതരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎം ഓഫീസില്‍ നിന്ന് ആരും മാധ്യമങ്ങളെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഇന്നലെ താന്‍ ഓഫീസില്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ സെക്രട്ടറിയേറ്റിന് പുറത്ത് നില്‍ക്കുന്നതാണ് കണ്ടത്.

താമസിച്ച് എത്തിയതിനാല്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വീകരിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ചില ചാനലുകളില്‍ മാധ്യമങ്ങളെ തടഞ്ഞതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് താന്‍ ഓഫീസില്‍ അന്വേഷിച്ചിരുന്നു.

എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. മാധ്യമങ്ങളെ തടഞ്ഞ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമ പ്രവര്‍ത്തകര്‍ ഇടിച്ചുകയറി ഫോട്ടോ എടുക്കേണ്ട സ്ഥിതി ഒരിടത്തുമില്ല. അല്‍പ്പം അകലെ നിന്ന് എടുത്താലും ചിത്രം ലഭിക്കും. പ്രധാന വ്യക്തികള്‍ എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ബഹളം സംഭവസ്ഥലത്തെ ഒരു സംഘര്‍ഷഭൂമിയായി മാറ്റുകയാണ്. ഇതില്‍ ഒര മാറ്റം അനിവാര്യമാണ്. കഴിഞ്ഞദിവസം തന്റെ മുഖത്ത് മൈക്ക് കൊണ്ടപ്പോളാണ് താന്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.