മംഗളം ചാനലിനെ നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി: ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

single-img
22 November 2017

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ മാനങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചാനലിനെതിരെ ഉള്‍പ്പെടെ പതിനാറ് ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുളളത്. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും സിഇഒ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ശുപാര്‍ശയിന്മേല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മംഗളം ചാനലിന് സ്വയം നിയന്ത്രണമില്ലാതിരുന്നത് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഐടി ആക്ട് പ്രകാരം ചാനലിനെതിരെ നടപടിയുണ്ടാകും. ഒന്ന് മുതല്‍ എഞ്ച് വരെയും ഏഴ് മുതല്‍ 14 വരെയുമുള്ള ശുപാര്‍ശകളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും അയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് കൊച്ചിയില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുള്ളതായി മുഖ്യമന്ത്രി വിശദീകരിച്ചു.

നിലവവില്‍ ഇലക്ടോണിക് ബ്രോഡ്കാസ്റ്റിങ് സംവിധാനത്തെ നിയന്ത്രിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ല. ഇതിന് കമ്മ്യൂണിക്കേഷന്‍ ആക്ട് പ്രകാരം നിയമം കൊണ്ടുവരണമെന്ന ശുപാര്‍ശയും പിഎസ് ആന്റണി മുന്നോട്ടുവെയ്ക്കുന്നു. പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലാക്കണം.

മാധ്യമങ്ങളും പത്രപ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ഇടപെടുന്നതില്‍ പെരുമാറ്റചട്ടം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ശശീന്ദ്രനെതിരല്ലെന്നും മാധ്യമങ്ങള്‍ക്കെതിരാണെന്ന കാര്യവും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നതില്‍ തടസങ്ങളില്ലെന്നും അത് തീരുമാനിക്കേണ്ടത് താനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.