കെ.ഇ ഇസ്മായിലിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി: എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് ഒഴിവാക്കി

single-img
22 November 2017

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാടെടുത്ത കെ.ഇ ഇസ്മായിലിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി. എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് ദേശീയ എക്‌സിക്യുട്ടീവ് അംഗമായ ഇസ്മയിലിനെ സിപിഐ ഒഴിവാക്കി.

സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയാണു നടപടിയെടുത്തത്. പാര്‍ട്ടി നിലപാടിനെതിരെ ചാനലില്‍ പ്രതികരിച്ചെന്നു കണ്ടെത്തിയാണു നടപടി. കൂടുതല്‍ നടപടിക്ക് ദേശീയ നിര്‍വാഹക സമിതിയോടു ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവരാകും എല്‍ഡിഎഫിലെ സിപിഐ പ്രതിനിധികള്‍.

കെ ഇ ഇസ്മായിലിന്റെ പരസ്യ പ്രസ്താവന ഗുരുതര അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായത്. പാര്‍ട്ടി നിലപാടിനെതിരായ പരസ്യ പ്രതികരണം ഗുരുതര അച്ചടക്ക ലംഘനമെന്നാണ് എക്‌സിക്യൂട്ടീവില്‍ വിമര്‍ശം.

സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് കെ ഇ ഇസ്മായിലിനെതിരെ ഉയര്‍ന്നത്. ഇസ്മയിലിന്റെ നിലപാട് പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുന്നണിയില്‍ ഭിന്നതയുണ്ടെന്ന തോന്നലിന് ഈ നിലപാട് വഴിവച്ചുവെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

ഇസ്മയിലിന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയോട് ആലോചിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും കാനം മുന്നറിയിപ്പ് നല്‍കി. സിപിഐ എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത ആരും ഇസ്മായിലിനെ അനുകൂലിച്ചില്ല.

തോമസ് ചാണ്ടിയുടെ രാജിയിലൂടെ പാര്‍ട്ടിക്കുണ്ടായ പ്രതിച്ഛായയ്ക്ക് വിവാദ പ്രസ്താവന ക്ഷീണമുണ്ടാക്കിയെന്ന് സി.പി.ഐ നേതൃത്വം വിലയിരുത്തി. ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പരാമര്‍ശം പരസ്യമായി തിരുത്തിപ്പറഞ്ഞതും മാദ്ധ്യമങ്ങള്‍ തന്റെ പ്രതികരണം വളച്ചൊടിച്ചതാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചതും കണക്കിലെടുത്ത് നടപടി ലഘൂകരിക്കുകയായിരുന്നു.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലില്‍ നടത്തിയ വിവാദ പരാമര്‍ശമാണ് നടപടിക്ക് കാരണമായത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡിന് താന്‍ എംപിയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്ന നടപടിക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.