ഹൈക്കോടതി ജഡ്ജിയെ കളിയാക്കി ട്രോള്‍ പ്രചരിപ്പിച്ചു: വീട്ടമ്മ അറസ്റ്റില്‍; 25 അധ്യാപകര്‍ കൂടി പിടിയിലാകും

single-img
22 November 2017

ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജിയെ വ്യക്തിപരമായി പേരെടുത്ത് ആക്ഷേപിക്കുന്ന ട്രോള്‍ പ്രചരിപ്പിച്ചതിന് വീട്ടമ്മയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാലക്ഷ്മിയെന്ന യുവതിയെയാണ് അറസ്റ്റ് ചെയ്ത് വെല്ലൂര്‍ ജയിലിലടച്ചത്.

സെപ്റ്റംബറില്‍ നടത്തിയ ക്ലാസ് ബഹിഷ്‌കരണ സമരത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ ജസ്റ്റിസ് എന്‍ കിരുബാകരന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിധിയെ എതിര്‍ത്ത് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ മഹാലക്ഷ്മി ജഡ്ജിയുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവിടുകയും വിധിക്ക് പിന്നില്‍ ജസ്റ്റിസിന് മറ്റു കാരണങ്ങളുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇത് വ്യാപകമായി പ്രചരിച്ചതോടെ എന്‍ കിരുബാകരന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ 25 അധ്യാപകര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളുമായി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഒഫീസര്‍ വ്യക്തമാക്കി.