ശബരിമല സന്നിധാനത്ത് ജയറാം ആചാരലംഘനം നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

single-img
22 November 2017

ശബരിമല സന്നിധാനത്ത് കഴിഞ്ഞ വിഷു ഉത്സവ കാലത്ത് നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമെന്ന് അന്വേഷണറിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ആചാര ലംഘനമെന്ന് കണ്ടെത്തിയത്.

അതേസമയം ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്‍. പ്രശാന്ത് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയറാം സന്നിധാനത്ത് ഇടയ്ക്കവായിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും സമീപത്ത് ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരന്‍ ശ്രീകുമാറായിരുന്നു അന്ന് ഇടയ്ക്ക വായ്‌ക്കേണ്ടിയിരുന്നതെന്നും ഈ ചുമതല ജയറാമിനെ ഏല്‍പ്പിച്ചത് ഗുരുതരമായ ആചാരലംഘനവും കൃത്യവിലോപവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വിഷു ഉത്സവ ദിവസം ഉഷഃപൂജ സമയത്താണ് സോപാനത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ജയറാം ചട്ടവിരുദ്ധമായി സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയത്.

കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ എന്നയാള്‍ ക്രമംതെറ്റിച്ച് പൂജ നടത്തിയെന്നും ജയറാം ചട്ടലംഘനം നടത്തിയെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ദേവസ്വം മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.