ആയിരക്കണക്കിന് പ്രവാസികൾക്ക് ജോലി നഷ്ടമാകും: സൗദിയിലെ സ്വര്‍ണക്കടകളില്‍ ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണം

single-img
22 November 2017

സൗദി അറേബ്യയിലെ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം ഡിസംബര്‍ അഞ്ചോടെ പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ മന്ത്രാലയം. 2007ല്‍ സൗദി മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് സ്വര്‍ണക്കടകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്.

തീരുമാനം വന്ന് പത്ത് വര്‍ഷം പിന്നിട്ടെങ്കിലും സ്വര്‍ണക്കടകളിലെ സ്വദേശി ജോലിക്കാരുടെ എണ്ണം കുറവാണ്. രാജ്യത്തെ സ്വര്‍ണ വിപണിയില്‍ മുതല്‍മുടക്കിയവരില്‍ 70 ശതമാനത്തിലധികവും സ്വദേശികളാണ്. പക്ഷെ സ്വര്‍ണക്കടകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ നിയമത്തില്‍ ഒരിളവും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഒക്ടോബര്‍ ആദ്യത്തില്‍ നല്‍കിയ രണ്ട് മാസത്തെ സാവകാശം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ അഞ്ചോടെ നിയമം കര്‍ശനമാക്കുന്നത്.

ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ട്വിറ്റര്‍ സന്ദേശം വഴിയാണ് വ്യക്തമാക്കിയത്. രണ്ട് മാസം മുമ്പ് തൊഴില്‍ മന്ത്രലായം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സ്വദേശിവത്കരണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ഇക്കാര്യം സൗദി ജ്വല്ലറികളുടെ ദേശീയ സമിതി മേധാവി കരീം അല്‍അനസി സ്ഥിരീകരിക്കുന്നു. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചക്കകം പ്രാബല്യത്തില്‍ വരുന്ന 100 സ്വദേശിവത്കരണം വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.