നടിയെ ആക്രമിച്ചതിനു കാരണം ആദ്യ ദാമ്പത്യം തകര്‍ത്തതിന്റെ പക: ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

single-img
22 November 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. 14 പ്രതികളുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകര്‍പ്പുകളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്റെ ആദ്യ ദാമ്പത്യം തകര്‍ത്തതിന്റെ പേരില്‍ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിന്റെ ബാക്കിപത്രമായാണ് ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് പോലീസ് കണ്ടെത്തല്‍. മഞ്ജുവാര്യരുമായുള്ള കുടുംബ ജീവിതം തകര്‍ത്തത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് ഉറച്ചു വിശ്വസിച്ചിരുന്നു. സിനിമകളില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

650 പേജുള്ള കുറ്റപത്രത്തില്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ ദിലീപിന് വേണ്ടിയാണെന്നാണ് സ്ഥാപിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചനയില്‍ സുനിയും ദിലീപും മാത്രമാണു പങ്കെടുത്തതെന്നും കുറ്റപത്രം പറയുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ആദ്യ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അനുബന്ധ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ ദിലീപ് ഉള്‍പ്പടെ 14 പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. മൂന്നൂറോളം സാക്ഷി മൊഴികളാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 50 ഓളം പേര്‍ സിനിമ മേഖലയില്‍ നിന്നാണ്. 33 രഹസ്യമൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാല്‍ ആയിരുന്നു.

പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികള്‍ക്കുമേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തി.

എട്ടുമുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ല്‍ ഏറെ രേഖകള്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളും ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ ജൂലൈ പത്തിനാണ് നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ദിലീപിന് ഇന്നലെ നാലു ദിവസത്തേക്ക് വിദേശത്ത് പോകാനുള്ള അനുവാദവും കൊടുത്തിരുന്നു.