മോദി അതിഥിയായ പരിപാടിയില്‍ നിന്ന് ദീപികയ്ക്ക് പിന്നാലെ ധോണിയും പിന്‍മാറി

single-img
22 November 2017


സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം ‘പത്മാവതി’യെച്ചൊല്ലി വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോണ്‍. പത്മാവതിയായി അഭിനയിക്കുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നത് ഉള്‍പ്പെടെ സിനിമയ്‌ക്കെതിരെ വ്യാപക ഭീഷണിയുണ്ട്.

ഈ പശ്ചാത്തലത്തിലാണു മോദിയുടെ ചടങ്ങ് ബഹിഷ്‌കരിച്ച് ദീപിക പ്രതിഷേധിക്കുന്നതെന്നാണു സൂചന. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാന്‍ക ട്രംപ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ നിന്നാണ് ദീപിക വിട്ടുനില്‍ക്കുന്നത്.

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദിലാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. സ്വകാര്യ കാരണങ്ങള്‍ മൂലമാണ് താന്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ധോണി അറിയിച്ചു. തെലങ്കാന ഐടി സെക്രട്ടറി ജയേഷ് രഞ്ജന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.