യോഗിയുടെ റാലിക്കെത്തിയ മുസ്‌ലിം യുവതിയുടെ ബുര്‍ഖ പൊലീസ് നിര്‍ബന്ധിച്ച് അഴിപ്പിച്ചു: വീഡിയോ

single-img
22 November 2017

ബാലിയ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത സമ്മേളനത്തിനെത്തിയ മുസ്ലീം സ്ത്രീയുടെ ബുര്‍ഖ പോലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയ്‌ക്കെത്തിയ ബിജെപി പ്രവര്‍ത്തക സൈറയുടെ പര്‍ദ്ദയാണ് പോലീസ് ബലമായി അഴിപ്പിച്ചത്.

യോഗി ആദിത്യനാഥ് വേദിയിലെത്തുന്നതിന് അല്‍പസമയം മുന്‍പ് വനിത പോലീസുകാര്‍ വന്ന് പര്‍ദ്ദ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് പറഞ്ഞതുപ്രകാരം ബുര്‍ഖ അഴിച്ചുമാറ്റിയ സ്ത്രീയോട് അത് ബാഗില്‍ സൂക്ഷിക്കാനും പോലീസ് പറയുന്നുണ്ട്.

ഇതേത്തുടര്‍ന്ന് ബാഗില്‍ സൂക്ഷിച്ച ബുര്‍ഖ അല്‍പ്പം കഴിഞ്ഞ് മറ്റൊരു ഉദ്യോഗസ്ഥന്‍ വന്ന് വാങ്ങി കൊണ്ട് പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇത് പകര്‍ത്തിയതോടെ സംഭവം പുറത്തറിയുകയും വിവാദമാവുകയുമായിരുന്നു.

എന്നാല്‍ താനും ഭര്‍ത്താവും വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകരാണ്. കറുത്ത നിറത്തിലുള്ള ബുര്‍ഖയാണ് താന്‍ ധരിച്ചിരുന്നത്. കറുപ്പ് നിറത്തിന് പരിപാടി നടക്കുന്ന സ്ഥലത്ത് നിരോധനം നിലനിന്നിരുന്നു. അതിനാലാണ് ബുര്‍ഖ അഴിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതെന്ന് സൈറ അറിയിച്ചു.

അതേസമയം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ടൊന്നും ലഭിച്ചിട്ടില്ലെന്നും വേദിയിലുണ്ടായ കറുത്ത കൊടികളെല്ലാം അഴിച്ച് മാറ്റാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസം മുമ്പ് മീററ്റില്‍ നടന്ന പരിപാടിയ്ക്കിടെ യോഗി ആദിത്യനാഥിനെ ഒരാള്‍ കരിങ്കൊടി കാണിച്ചിരുന്നു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയും സംഭവം വലിയ വിവാദമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം ഇതേ കുറ്റത്തിന് ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ 11 വിദ്യാര്‍ഥികളെ ജാമ്യം പോലും നല്‍കാതെ 20 ദിവസം കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നു.