സിസേറിയന്‍ കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിന് എത്ര നാള്‍ കഴിയണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

single-img
22 November 2017

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമയ നിമിഷമാണ് ഒരു കുഞ്ഞിനു ജന്മം നല്‍കുന്ന നിമിഷം. ശാരീരികമായുള്ള കടുത്ത വേദന അനുഭവിച്ചാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്. ചിലരുടേത് നോര്‍മല്‍ പ്രസവമായിരിക്കും. ചിലത് സിസേറിയനും. ചില അടിയന്തിര സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ സിസേറിയന്‍ വേണമെന്നു നിര്‍ദേശിക്കാറുണ്ട്.

എന്നാല്‍ ഇന്നു പല സ്ത്രീകളും നോര്‍മല്‍ ഡെലിവറിക്കു കാത്തുനില്‍ക്കാന്‍ തയാറല്ല. സിസേറിയന്‍ വേണമെന്നു വാശി പിടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ആഗ്രയില്‍ നടന്ന ഗൈനക്കോളജിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വേദന സഹിക്കുന്നതിനുള്ള വിമുഖതയും പ്രസവത്തെ സംബന്ധിച്ചുള്ള ഭയവും മൂലമാണ് പല സ്ത്രീകളും സിസേറിയനു വേണ്ടി നിര്‍ബന്ധം പിടിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന പ്രസവങ്ങളില്‍ 40 ശതമാനവും സിസേറിയന്‍ രീതിയില്‍ ആണ്. എന്നാല്‍ അയല്‍രാജ്യമായ നേപ്പാളിലാകട്ടെ വെറും എട്ടുശതമാനം പ്രസവങ്ങള്‍ മാത്രമാണ് സിസേറിയന്‍.

മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും സിസേറിയന്‍ നിരക്ക് താരതമ്യേന കുറവാണ്. എന്നാല്‍ സിസേറിയനു ശേഷം അമ്മമാര്‍ക്ക് നല്ല ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ അതിന്റെ ദോഷഫലങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരും. അതുകൊണ്ടു തന്നെ സിസേറിയനു ശേഷം ഒട്ടനവധി കാര്യങ്ങള്‍ ഓരോ അമ്മമാരും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ് സിസേറിയന് ശേഷമുള്ള ലൈംഗികബന്ധം. സിസേറിയന്‍ കഴിഞ്ഞ് മിനിമം ആറാഴ്ച കഴിഞ്ഞേ ലൈംഗികമായി ബന്ധപ്പെടാവൂ. ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും.

ബന്ധപ്പെടുമ്പോള്‍ വയറില്‍ മുറിപ്പാടുണ്ടെന്ന ബോധം ഉണ്ടായിരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത് മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നതും അപകടമാണ്. ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്.

ഇതോടൊപ്പം സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ആറാഴ്ചയ്ക്കുശേഷം നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞുങ്ങള്‍ തമ്മില്‍ രണ്ടു വര്‍ഷത്തെ ഇടവേളയാണ് ഏറ്റവും ഉചിതമെന്നും ഇവര്‍ പറയുന്നു.

ഇതിനുപുറമെ ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍

1. കഠിനമായ ജോലികള്‍ ചെയ്യരുത്

പ്രസവം സിസേറിയനാണെങ്കില്‍ കടുപ്പമുള്ള ജോലികളില്‍നിന്ന് അമ്മമാര്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലത്. വര്‍ക്ക് ഔട്ട് ചെയ്യുന്നതും വീടിനകത്തെ ജോലികളും ഇതില്‍പ്പെടും. സിസേറിയനു ശേഷം. നല്ല റെസ്റ്റും പരിചരണവും ലഭിച്ചില്ലെങ്കില്‍ ശരീരം വേഗത്തില്‍ ക്ഷീണിക്കാന്‍ കാരണമാകും. അതുകൊണ്ടു തന്നെ കടുത്ത ജോലികളിലേര്‍പ്പെടാതിരിക്കുക.

2. ഭാരമുള്ള വസ്തുക്കള്‍ എടുക്കുന്നത് ഒഴിവാക്കുക

ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ സ്വന്തം കുഞ്ഞിനേക്കാള്‍ ഭാരം വരുന്നതൊന്നും എടുക്കുന്നത് പരമാവധി ഒഴിവാക്കണം. ഭാരമുള്ള വസ്തുക്കള്‍ എടുത്താല്‍ സര്‍ജറിക്കു ശേഷമിട്ട സിറ്റ്ച്ചുകള്‍ പൊട്ടാനും പിന്നീടത് ബ്ലീഡിങ്ങിനു കാരണമാകുകയും ചെയ്യും .

3. ഡീഹൈഡ്രേഷന്‍ ഒഴിവാക്കുക

വിവിധ തരം ജ്യൂസുകള്‍ കഴിച്ചുകൊണ്ട് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം. ഇത് ക്ഷീണം അകറ്റാനും ഉന്മേഷത്തിനും നല്ലതാണ്. മാത്രമല്ല ശോധനപരമായ തടസങ്ങളും ഇതുവഴി ഇല്ലാതാക്കാം.

4. പടികള്‍ കയറുന്നത് ഒഴിവാക്കാം

പടികള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാം. ഇത് ശരീരത്തെ ക്ഷീണിപ്പിക്കും. സര്‍ജറി മുഖേന ഉണ്ടായ മുറിവിനെ ഇത് കൂടുതള്‍ വഷളാക്കുകയും ചിലപ്പോള്‍ ബ്ലീഡിങ്ങിനു വരെ കാരണമാകുകയും ചെയ്യും.

5. ചുമ ദോഷം ചെയ്യും

സിസേറിയനു ശേഷം കഴിക്കുന്ന ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ഒന്നും കഴിക്കരുത്. ഐസ് ക്രീം പോലുള്ളവ കഴിക്കുന്നത് ചുമക്കും തൊണ്ട വേദനക്കുമെല്ലാം ഇടവരുത്തും. അധികമായി ചുമയ്ക്കുന്നത് സര്‍ജ്ജറി ചെയ്ത ഭാഗത്തെ മുറിവിനെ നേരിട്ടു ബാധിക്കാന്‍ ഇടയുണ്ട്.

6. സ്‌പൈസി ഫുഡുകള്‍ ഒഴിവാക്കാം

ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കാം. സപൈസിയും എണ്ണയും അധികമുള്ള ഭക്ഷണങ്ങള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അമ്മമാര്‍ പെട്ടന്ന് സാധാരണ നിലയിലേക്ക് റിക്കവര്‍ ചെയ്തു വരുന്ന പ്രക്രീയയെ ഇത് നെഗറ്റീവായി ബാധിക്കും.

7. പനി വരാതെ ശ്രദ്ധിക്കാം

സിസേറിയന്‍ കഴിഞ്ഞ ഓരോ സ്ത്രീയും ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് പനി വരാതെ സൂക്ഷിക്കുകയെന്നത്. പനി വന്നാല്‍ സര്‍ജറി കഴിഞ്ഞ ഭാഗത്ത് ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയും ഇത് കൂടുതല്‍ കോംപ്ലിക്കേഷന് കാരണമാവുകയും ചെയ്യും.