അനശ്വര പ്രണയത്തിന്റെ കഥയുമായി ടൈറ്റാനിക് വീണ്ടുമെത്തുന്നു

single-img
21 November 2017

ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ടൈറ്റാനിക് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നു. ടൈറ്റാനിക് പുറത്തിറങ്ങിയതിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
ഏറ്റവും പുതിയ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ചിത്രം വീണ്ടും പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനശ്വര പ്രണയത്തിന്റെ കഥയുമായി ലോകത്തെ ഞെട്ടിച്ച സിനിമയുടെ പുതിയ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു കഴിഞ്ഞു. ഡിസംബര്‍ ഒന്നിനാണ് സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്നാണ് ട്രെയിലറില്‍ പറയുന്നത്. 1912 ല്‍ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ ആര്‍ എം എസ് ടൈറ്റാനിക് കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും ഭീമന്‍ മഞ്ഞുപാളിയില്‍ ഇടിച്ച് തകരുകയായിരുന്നു.

ഇതിനെ ആസ്പദമാക്കിയാണ് 1997 ഡിസംബര്‍ 19ന് ലോകസിനിമാ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിചേര്‍ത്തു കൊണ്ട് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് അവതരിച്ചത്. ആദ്യയാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ആ ദുരന്തത്തെ മനോഹര സിനിമയാക്കി കാമറൂണ്‍ വിസ്മയം തീര്‍ക്കുകയായിരുന്നു.

ആ അധ്വാനത്തിന് ഫലമായി 11 ഓസ്‌കാര്‍ അവാര്‍ഡുകളാണ് ചിത്രത്തെ തേടിയെത്തിയത്. ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റീ റിലീസിന്റെ ട്രയിലര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

2ഡി, 3 ഡി പതിപ്പുകളില്‍ ചിത്രമെത്തുമെന്നാണ് സൂചന. കഥയും ഓരോ സീനും പ്രേക്ഷകന് മനപാഠമാണെങ്കിലും എത്രതവണ കണ്ടാലും മതിവരാത്ത സിനിമാപ്രണയ വിസ്മയത്തിന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.