മഴയെ ഭയന്ന ചിത്രകാരി

single-img
21 November 2017

കോരിച്ചൊരിയുന്ന മഴയത്ത് ശാന്ത ഒന്നു മാത്രമേ പ്രാര്‍ത്ഥിച്ചുള്ളു… തന്റെ ചിത്രങ്ങളൊന്നും നനയല്ലേയെന്ന്… ഉറക്കമില്ലാ രാത്രികളിലൂടെ പൊട്ടിപ്പൊളിഞ്ഞ വീട്ടിലിരുന്നാണ് 60കാരിയായ ശാന്ത മഴയും മഞ്ഞുമെല്ലാം ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. ഓരോ തവണയും വരകളില്‍ വിസ്മയം തീര്‍ത്ത് കലാസ്വാദകരെ രസിപ്പിക്കുമ്പോള്‍ ഈ കോഴിക്കോടുകാരിക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. തലച്ചായ്ക്കാനും തന്റെ ചിത്രങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനും ഒരു വീട്. ഈ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കോഴിക്കോട് ജില്ലയിലെ കല്ലായിയിലുള്ള ചിത്രകാരി ചീനക്കല്‍ വീട്ടില്‍ ശാന്തയാണ് കേറിക്കിടക്കാന്‍ ഒരു വീടുപോലുമില്ലാതെ കഷ്ടപ്പെട്ടിരുന്നത്.

വീടെന്ന ശാന്തയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാനും ശാന്തയെന്ന കലാകാരിയെ സമൂഹം അംഗീകരിക്കാനും ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ചോര്‍ന്നൊലിക്കാത്ത അടച്ചുറപ്പുള്ള വീടും തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു ആര്‍ട്ട് ഗ്യാലറിയും ശാന്തയ്ക്ക് ഇന്ന് സ്വന്തമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റസ് (ഐഐഎ) കാലിക്കറ്റ് ചാപ്റ്ററിന്റെ സ്‌നേഹപൂര്‍വ്വം കോഴിക്കോടിന് എന്ന പദ്ധതിയുടെ ഭാഗമായി ഗുഡ് എര്‍ത്തിന്റെ നേതൃത്വത്തില്‍ വീടും ആര്‍ട്ട് ഗ്യാലറിയും ഈ കലാകാരിക്കു വേണ്ടി നിര്‍മ്മിച്ചു നല്‍കിയത്. ഓരോ തവണയും ദുരിത ജീവിതം പിടിമുറുക്കുമ്പോള്‍ ശാന്തയുടെ ചിത്രങ്ങള്‍ വിലയ്ക്ക് വാങ്ങിയാണ് ഐ ഐ എ ഇവരെ സഹായിച്ചത്.

മരപ്പണിക്കാരന്‍ ചിദംബരത്തിന്റെ മകളാണ് ശാന്ത. കുഞ്ഞുനാള്‍ മുതല്‍ തന്നെ ചിത്രത്തോടായിരുന്നു കമ്പം. അച്ഛന്‍ മരം അളക്കുമ്പോള്‍ ഉപയോഗിക്കുന്ന തേഞ്ഞ ചോക്കുകളാണ് ശാന്തമ്മ കുട്ടിക്കാലത്ത് വരയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. അമ്മ ദേവകിയും ശാന്തയും ചേച്ചി പത്മാവതിയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതാണ് കുടുംബം. അച്ഛന്റെ തുച്ഛമായ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ഏക ആശ്രയം. തന്റെ ചിത്രം വരയില്‍ അച്ഛന് ബോധ്യമുണ്ടായിരുന്നുവെങ്കിലും പ്രോത്സാഹിപ്പിച്ചിട്ടില്ല. കാരണം ചിത്രരചനയ്ക്കാവശ്യമായ സൗകര്യങ്ങളൊന്നും നല്‍കാന്‍ ആ കുടുംബത്തിന് കഴിയുമായിരുന്നില്ല. കണ്ണീരിന്റെ നനവുള്ള ചിത്രം ശാന്തയുടെ ഓര്‍മയുടെ ക്യാന്‍വാസില്‍ ഇന്നും പകര്‍ത്തിയിട്ടുണ്ട്.

ഇന്ന് ഒട്ടേറെ ചിത്രങ്ങള്‍ ആ വിരല്‍ തുമ്പിലൂടെ വിരിഞ്ഞു കഴിഞ്ഞു. ഇതിനിടെ കോഴിക്കോടും മറ്റു ജില്ലകളിലുമായി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. എട്ടാം ക്ലാസ്സുവരെ പഠിച്ച ശാന്ത ഫൈന്‍ ആര്‍ട്‌സ് സ്‌കൂളിലൊന്നും പഠിച്ചിട്ടില്ല. 19ാം വയസ്സില്‍ മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യവും ക്ഷയിച്ചു. ആരോഗ്യം തന്നെ തളര്‍ത്തിയതോടെ വിവാഹം പോലും കഴിക്കാന്‍ പറ്റിയില്ല. ഇന്നത്തെ പോലെ മരുന്നുകളൊന്നും ലഭ്യമാകാത്ത ആ കാലത്ത് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമായി ശാന്ത കരുതുന്നു. എന്നിട്ടും ദുരിതം വിട്ടുമാറാതെ ശാന്തയെ പിടിമുറുക്കിയിരുന്നു. എന്നാല്‍ ഏത് ദാരിദ്ര്യത്തിലും ശാന്ത തന്റെ ചിത്രം വര തുടര്‍ന്നുകൊണ്ടേയിരുന്നു. സാമ്പത്തിക പരാധീനതകളെയും രോഗത്തെയും ശാന്ത വരച്ചു തോല്‍പ്പിക്കുകയായിരുന്നു.

ശാന്ത ചേച്ചി പത്മാവതിക്കൊപ്പമാണ് പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ താമസിച്ചിരുന്നത്. കോഴികളെയും പശുവിനെയും വളര്‍ത്തിയാണ് തന്റെ ചിത്രത്തിനും മറ്റു ചെ ലവുകള്‍ക്കും ശാന്ത പണം കണ്ടെത്തുന്നത്. ചിത്രങ്ങള്‍ ഒരുപാട് വരച്ചുവച്ചിരുന്നുവെങ്കിലും പേരും പ്രശസ്തിയും ഇല്ലാത്തതുകൊണ്ട് ആര് വാങ്ങാന്‍? ഇന്ന് പ്രായം വാര്‍ദ്ധക്യത്തിലേക്ക് എത്തിയതോടെ കോഴിയും പശുവും ഒന്നും ഇല്ലാതായി. ശാന്തയ്ക്കും ചേച്ചിക്കും ലഭിക്കുന്ന അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം.

ശാന്തയുടെ ആദ്യ ചിത്രപ്രദര്‍ശനത്തിനിടെയാണ് ഗുഡ് എര്‍ത്തിന്റെ സംഘാടകര്‍ ശാന്തയെ പരിചയപ്പെടുന്നത്. ആ കാലാകാരിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് വീടു വച്ച് നല്‍കാന്‍ തീരുമാനിച്ചത്. പുതിയ വീട് വച്ച് തന്നതോടെ വലിയ ഉപകാരമാണ് അവര്‍ ചെയ്തു തന്നത്. നനയാതെ കിടക്കാനൊരു വീടും തനിക്ക് വരകള്‍ക്കൊണ്ട് വിസ്മയം തീര്‍ക്കാന്‍ ഒരു ആര്‍ട്ട് ഗ്യാലറിയും. ഈ ഉപകാരം ഒരിക്കലും മറക്കില്ലെന്ന് ശാന്ത പറയുന്നു. ശാന്തയുടെ കലാപരമായ കഴിവിനെ നേരത്തെയും ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ കലാകേരളത്തിന് മികച്ച സൃഷ്ടിക്കള്‍ ലഭിക്കുമെന്ന തിരിച്ചറിവാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിനെ ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചത്.

പ്രകൃതിയോട് ചെയ്യുന്ന ചൂഷണവും മനുഷ്യനും മൃഗങ്ങളും അങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ ഇന്ന് ശാന്തയുടെ ആര്‍ട്ട് ഗ്യാലറിയില്‍ നിറഞ്ഞിട്ടുണ്ട്. പുറത്ത് മഴ പെയ്യുമ്പോഴും മനസ്സില്‍ ആദിയില്ലാതെ അതു നോക്കിയിരിക്കുകയാണ് ശാന്ത.