സൗദിയില്‍ പിടിയിലായവരുടെ എണ്ണം മുപ്പത്തയ്യായിരം കവിഞ്ഞു: അറസ്റ്റിലായവരില്‍ നിരവധി മലയാളികളും

single-img
21 November 2017

പൊതുമാപ്പ് അവസാനിച്ചതിനു പിന്നാലെ സൗദിയില്‍ ആരംഭിച്ച പരിശോധനയില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പത്തയ്യായിരം കവിഞ്ഞു. നിയമലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

അറസ്റ്റിലായവരില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരും നിരവധിയുണ്ട്. പരിശോധന അഞ്ച് ദിവസം പിന്നിട്ടതോടെ കൂടുതല്‍ മേഖലകളിലേക്ക് നീങ്ങുകയാണ്. നാലു ദിവസത്തെ പരിശോധനയില്‍ പിടിയിലായവരുടെ കണക്കാണിപ്പോള്‍ പുറത്തു വന്നത്. ബുധന്‍ മുതല്‍ ശനിയാഴ്ച വരെ പിടിയിലായത് 36,656 പേരാണ്.

ഇതില്‍ പതിനയ്യായിരത്തിലേറെ പേരെ പിടികൂടിയത് ഇഖാമ നിയമലംഘനത്തിന്. ഇഖാമ ഇല്ലാത്തവരും ഉള്ള ഇഖാമയുടെ കാലാവധി കഴിഞ്ഞവരും അകത്താണ്. രാജ്യത്തിന്റെ വിവിധ അതിര്‍ത്തികള്‍ വഴി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്തു.

അയ്യായിരത്തോളം പേര്‍ ഇതിനാണ് അറസ്റ്റിലായത്. തൊഴില്‍ നിയമ ലംഘനത്തിലും മലയാളികളടക്കം നിരവധി പേര്‍ അകത്തായി. അയ്യായിരത്തിലേറെ പേരാണ് തൊഴില്‍ നിയമലംഘനത്തിന് കുടുങ്ങിയത്. കടകളില്‍ കയറിയും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ച പരിശോധന ഇതര ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. മക്ക പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. റിയാദ്, അസീര്‍ പ്രവിശ്യയിലാണ് തൊട്ടു പിന്നാലെ കൂടുതല്‍ പേരകത്തായത്. നിയമലംഘകര്‍ക്ക് താമസമൊരുക്കിയ മുപ്പതോളം സ്വദേശികളും പിടിയിലായി. നടപടി പൂര്‍ത്തിയാകും വരെ കഫീലുമാരും സ്ഥാപനങ്ങളും നിയമലംഘകരെ പിടികൂടാന്‍ സഹായിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. പുണ്യ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാണ്.

അതേസമയം സൗദിയില്‍ ഫ്രീ വിസയിലെത്തി ജോലി അന്വേഷിക്കുന്ന പ്രവാസികളും ഇതോടെ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരക്കാരെ അനധികൃത താമസക്കാരായേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് പോലീസ് വക്താവ് സിയാദ് അല്‍ റുഖൈതിയുടെ മുന്നറിയിപ്പ്.

ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍നിന്ന് പിരിച്ച് വിട്ടയച്ച വിദേശികള്‍ രാജ്യം വിട്ടു എന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സൗദി കമ്പനികളോട് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിരിച്ചുവിട്ടവരെ എക്‌സിറ്റ് അടിച്ച് തിരിച്ചയക്കാതെ മറ്റു ജോലികള്‍ അന്വേഷിക്കാന്‍ പുറത്ത് വിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മറ്റു സ്ഥാപനത്തിലേക് സ്‌പോണ്‍സര്‍ഷിപ് മാറാന്‍ ആഗ്രഹിക്കുന്നവര്‍, നിലവിലെ കമ്പനിയില്‍ ജോലി ചെയ്തിരിക്കെ തന്നെ മാറേണ്ടതാണ്. അല്ലാത്തവര്‍ നിയമ ലംഘനമാണ് ചെയ്യുന്നത് എന്നും അധികൃതര്‍ പറഞ്ഞു. സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചു വിടപ്പെട്ടവര്‍ പുറത്ത് മറ്റു ജോലി തേടി നടക്കാതിരിക്കാനുള്ള നടപടികള്‍ സ്ഥാപനങ്ങള്‍ ഉടനെ സ്വീകരിക്കണം.

മറ്റു സ്ഥാപനങ്ങളിലേക് മാറ്റം കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ പിരിച്ച് വിടുന്നതിന് മുമ്പ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്‍ റുഖൈതി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തൊഴില്‍ പരിശോധനയില്‍ പിടിക്കപ്പെട്ടവരില്‍ ജോലി അന്വേഷിക്കുന്നവരുമുണ്ട്.

ഫ്രീ വിസയിലെത്തി പുതിയ ജോലി അന്വേഷിക്കുന്നവരാണിവര്‍. പിടിക്കപെട്ടവരില്‍ ആയിരത്തോളം വിദേശികള്‍ ഈ ഗണത്തില്‍ പെടുന്നവരാണെന്നും പൊലീസ് അറിയിച്ചു. സ്വദേശികള്‍ക് മാത്രം നിജപ്പെടുത്തിയ ജോലി ചെയ്യുന്ന വിദേശികളെയും പിടികൂടിയതായി പോലീസ് അധികൃതര്‍ അറിയിച്ചു.

നിയമലംഘകര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇല്ല എന്ന വ്യവസായികള്‍ ഉറപ്പ് വരുത്തണമെന്ന് പോലീസ് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതോടെ നാട്ടല്‍നിന്ന് ഫ്രീ വിസയില്‍ വന്ന് ജോലി അന്വേഷണത്തിനുള്ള നൂറോളം പ്രവാസികള്‍ പ്രതിസന്ധിയിലാവുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.