ഹണിട്രാപ്പില്‍ എകെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്: മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം; അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആന്റണി കമ്മീഷന്‍

single-img
21 November 2017

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കമ്മീഷന്‍ റിപ്പോര്‍ട്ട്. എകെ ശശീന്ദ്രനെ മംഗളം ചാനല്‍ ഫോണ്‍കെണിയില്‍ കുടുക്കിയതാണെന്ന് പിഎസ് ആന്റണി കമ്മീഷന്‍ കണ്ടെത്തി.

മംഗളം ചാനലിന്റെ എഡിറ്റോറിയല്‍ വിഭാഗം മേധാവിയും സിഇഒയുമായ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനൊപ്പം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാനലിന്റെ ഉദ്ഘാടന ദിവസം തന്നെ ഒളിക്യാമറ വിവാദം എന്ന് പ്രഖ്യാപിച്ചു കൊണ്ട് സിഇഒ കൂടിയായ അജിത് കുമാര്‍ തന്നെയാണ് ഇക്കാര്യം ചാനലില്‍ അവതരിപ്പിച്ചത്.

അതുകൊണ്ട് തന്നെ ഈ കെണിയുടെ പൂര്‍ണ ഉത്തരവാദിത്വം അജിത് കുമാറിനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തിലൂടെ സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ് അജിത് കുമാര്‍ നടത്തിയത്. ഇതിന് പുറമെ ഫോണ്‍ കെണിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പൊതുഖജനാവിന് നഷ്ടം വരുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി.

നിയമ ലംഘനവും പൊതു നഷ്ടവും വരുത്തിയ ചാനലിനെതിരെ നടപടിയെടുക്കുന്നതിന് പുറമെ ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശശീന്ദ്രനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം. അതേസമയം ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം പാലിക്കേണ്ട ധാര്‍മിക സ്വഭാവം എത്രമാത്രം പാലിച്ചിട്ടുണ്ടെന്ന് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ചാനല്‍ പ്രവര്‍ത്തകയോടു ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആക്ഷേപം പുറത്തുവന്നതോടെയാണു ശശീന്ദ്രനു മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചു.

മേയ് 30നാണ് കമ്മിഷന്‍ നടപടികള്‍ തുടങ്ങിയത്. അഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവിലാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് തവണയായി ദീര്‍ഘിപ്പിച്ചു നല്‍കിയ കാലാവധി ഡിസംബര്‍ 30വരെ ഉണ്ടായിരുന്നെങ്കിലും അതിനു മുന്‍പുതന്നെ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി പിന്നീടു കേസ് ഒത്തുതീര്‍ക്കാന്‍ അനുമതി തേടിയിരുന്നു. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ആദ്യം കുറ്റവിമുക്തനായി വരുന്നയാള്‍ക്ക് മന്ത്രിസ്ഥാനം തിരികെ നല്‍കാനാണു മുന്നണിയില്‍ ധാരണയുളളത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.