മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് റായ് ലക്ഷ്മി

single-img
21 November 2017

മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ താരം. റായി ലക്ഷ്മി നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജൂലി 2. സിനിമയില്‍ അതീവഗ്ലാമറസ്സായാണ് താരം എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ രംഗങ്ങളിലെ അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്നാണ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്. എനിക്കറിയില്ല, ഞാന്‍ അതിനെ കുറിച്ച് സംസാരിക്കണമോയെന്ന്. ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു.

പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. എന്റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്‍പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നുവെന്നും താരം വ്യക്തമാക്കി.

കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെയുള്ളവ ഈ ചിത്രത്തിന്റെ പ്രമേയ പരിസരത്തിന്റെ ഭാഗമാണ്. അതേസമയം പ്രമേയത്തിലുള്ള കാസ്റ്റിങ് കൗച്ച് സിനിമാമേഖലയിലുണ്ടോ എന്ന ചോദ്യത്തിന് കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണെന്നും അത് സിനിമാ മേഖലയില്‍ എല്ലായ്‌പ്പോഴും ഉള്ളതാണെന്നും താരം പറഞ്ഞു.

അതിന് മാറ്റം ഉണ്ടാവില്ലായെന്നും കാസ്റ്റിംങ് കൗച്ചിനു മുന്നില്‍ ഒരുതവണ ജീവിതം ഹോമിക്കപ്പെട്ടാല്‍ പിന്നീട് അത് തുടര്‍ക്കഥയാകുമെന്നും അത് എല്ലായ്‌പ്പോഴും ജീവിതത്തിലെ കറുത്ത ഏടായിരിക്കുമെന്നും നടി പ്രതികരിച്ചു. സാധാരണ ജീവിത പശ്ചാത്തലത്തില്‍ നിന്ന് സിനിമയിലേക്ക് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമായാണ് ജൂലി2 വില്‍ റായ് ലക്ഷ്മിയെത്തുന്നത്.

നവംബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തില്‍ വേറിട്ട കഥാപാത്രമാകും ലക്ഷ്മിയുടെത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2.