മൂന്നാറില്‍ ഹര്‍ത്താലിനിടെ പരക്കെ അക്രമം: മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

single-img
21 November 2017

മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കളക്ടറുടെ എന്‍ഒസി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതടക്കമുളള റവന്യൂ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിനെ സിപിഎം പിന്തുണയ്ക്കുന്നുണ്ടെങ്കിലും സിപിഐ വിട്ടു നില്‍ക്കുകയാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇടുക്കിയിലെ 10 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ വിദേശ വിനോദ സഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ മര്‍ദിച്ചു.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം യാത്ര തുടര്‍ന്നില്ല. ദൃശ്യം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഇന്ന് രാവിലെ ആറ് മണിക്കാണ് ഹര്‍ത്താല്‍ തുടങ്ങിയതെങ്കിലും സോഡാക്കുപ്പിയും മറ്റും റോഡില്‍ പൊട്ടിച്ചിട്ട് ഗതാഗതം തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

ഏതാനും കടകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ബലമായി അടപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മൂന്നാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് വാഹനങ്ങള്‍ തടയാനും മറ്റും പ്രധാനമായും റോഡില്‍ നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു സി.പി.ഐയെ ഒഴിവാക്കി പഴയ മൂന്നാര്‍ സംരക്ഷണ സമിതിയെ പുനരുജ്ജീവിപ്പിച്ച് കൊണ്ട് എസ്.രാജേന്ദ്രന്‍ എം.എല്‍.എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ റവന്യൂവകുപ്പിനെതിരെ സമരം പ്രഖ്യാപിച്ചത്.

സമരം റവന്യൂവകിപ്പിന് എതിരായിരിക്കും എന്നത് കൊണ്ട് തന്നെ സി.പി.ഐ വിട്ട് നില്‍ക്കുകയായിരുന്നു. ആവശ്യമില്ലാത്ത ഹര്‍ത്താല്‍ ആണെന്നും ദേവീകുളം എംഎല്‍എയുടെ പിടിവാശിയാണ് ഹര്‍ത്താലിന് കാരണമെന്നുമാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.