കൃത്യമായ ആഹാരം, മൂന്ന് ലിറ്റര്‍ വെള്ളം, രാത്രി എട്ടുമണിക്കൂര്‍ ഉറക്കം: സൗന്ദര്യത്തിന്റെ സീക്രട്ട്‌സ് വെളിപ്പെടുത്തി ലോകസുന്ദരി മാനുഷി ഛില്ലര്‍

single-img
21 November 2017

പതിനേഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം മാനുഷി ഛില്ലര്‍ എന്ന യുവതി ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്നിരിക്കുകയാണ്. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മത്സരത്തില്‍ ‘ബ്യൂട്ടി വിത്ത് എ പര്‍പ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു.

108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ തോല്‍പ്പിച്ചാണ് പതിനേഴു വര്‍ഷത്തിനു ശേഷം മാനുഷി ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം തിരികെയെത്തിച്ചത്. മറ്റുള്ളവര്‍ക്ക് പ്രചോദനം കൂടിയാകുന്ന ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിക്കുമ്പോള്‍ മികച്ച ശിഷ്യത്വവും അച്ചടക്കവുമാണ് അതിന് കാരണമെന്നാണ് ഈ സുന്ദരി പറയുന്നത്.

ഫെമിനക്ക് നല്‍കിയ അഭിമുഖത്തിലാണ് മാനുഷി തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് പറയുന്നത്. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമാണ് ലോകസുന്ദരി കിരീടം വരെയെത്തിയ മാനുഷിയുടെ സൗന്ദര്യ യാത്രയുടെ സീക്രട്ട്‌സ്. സെലിബ്രിറ്റി ന്യൂട്രീഷനായ മാമി അഗര്‍വാളാണ് മാനുഷിയുടെ ഫിറ്റ്‌നെസ് ഗുരു.

ആറുനേരം കഴിക്കേണ്ട മികച്ചൊരു ഡയറ്റ് ചാര്‍ട്ടാണ് മിസ് ഇന്ത്യക്ക് ശേഷം ലോക സുന്ദരി മത്സരത്തിന് തയ്യാറെടുക്കുന്ന മാനുഷിക്ക് വേണ്ടി മാമി തയ്യാറാക്കിയത്. ഡയറ്റിന് പുറമെ നിത്യവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നും രാത്രി എട്ടുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണെന്നും മാനുഷി പറയുന്നു.

അതിരാവിലെ എഴുന്നേറ്റയുടന്‍ രണ്ടോ മൂന്നോ ഗ്ലാസ് ചൂടുവെള്ളം (ചെറുനാരങ്ങ ചേര്‍ത്തോ, ചേര്‍ക്കാതെയോ). പ്രഭാതഭക്ഷണം ഫ്‌ലേവര്‍ ചേര്‍ക്കാത്ത തൈരും ഓട്ട്‌സും അല്ലെങ്കില്‍ ഗോതമ്പ് അവലും പഴങ്ങളും ധാന്യങ്ങളോ, രണ്ടോ മൂന്നോ മുട്ടയുടെ വെള്ളയോ അവക്കാഡോ പഴം, കാരറ്റ്, ബീറ്റ്‌സ്, മധുരക്കിഴങ്ങ് എന്നിങ്ങനെ ഏതെങ്കിലുമൊന്നായിരിക്കും.

ഇടഭക്ഷണം കരിക്കും പഴങ്ങളും. ഉച്ചയ്ക്ക് കിനോവ (സ്‌പെയിനില്‍ ധാരാളമായി കാണുന്ന ഒരു കടല വര്‍ഗ്ഗം), ചോറ് അല്ലെങ്കില്‍ ചപ്പാത്തി, പച്ചക്കറികള്‍, ചെറുതായി മുറിച്ച ചിക്കന്‍ അല്ലെങ്കില്‍ പയര്‍ ആയിരിക്കും. വൈകുന്നേരം ഉപ്പ് ചേര്‍ക്കാത്ത നട്ട്‌സ്, വാഴപ്പഴം, അത്തിപ്പഴം. അത്താഴത്തിന് ചിക്കന്‍ അല്ലെങ്കില്‍ മത്സ്യം (ഗ്രില്‍ഡ്/ റോസ്റ്റഡ്), പച്ചക്കറികള്‍ (ബ്രൊക്കോളി, കാരറ്റ്, ബീന്‍സ്, കൂണ്‍, ബീറ്റ്‌സ്) എന്നിങ്ങനെയാണെന്നും മാനുഷി പറഞ്ഞു.

ഇതുകൂടാതെ യാത്രയില്‍ പോലും വ്യായാമവും യോഗയും മുടക്കാതിരിക്കാന്‍ മാനുഷി ശ്രദ്ധിക്കാറുണ്ട്. ഒരിക്കലും പ്രഭാതഭക്ഷണം മുടക്കാറില്ല. ശരീരത്തിന് ദോഷകരമായ ആഹാരങ്ങളൊന്നും കഴിക്കാറില്ല. പഞ്ചസാര പരമാവധി ഒഴിവാക്കും. ജിമ്മിന്റെ സഹായമില്ലാതെ തന്നെ ശരീരത്തിന് വഴക്കം കിട്ടാനുള്ള വ്യായാമം ചെയ്യും. കൂടാതെ വെറുതെ ഓടുകയോ നൃത്തം ചെയ്യുകയോ ചെയ്യും. ഇത് മനസിനെ സന്തോഷകരമാക്കാനും ശരീരം ഫിറ്റ് ആക്കാനും സഹായിക്കുമെന്ന് മാനുഷി വ്യക്തമാക്കി.