കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു

single-img
21 November 2017

കൊച്ചി: നിരീക്ഷണ പറക്കലിനിടെ നേവിയുടെ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) തകര്‍ന്നു വീണു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കൊച്ചി നാവിക വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് അപകടമുണ്ടായത്.

യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് നാവിക സേനയുടെ പ്രാഥമിക നിഗമനം. എന്നാല്‍, ഉപരാഷ്ട്രപതി കൊച്ചി സന്ദര്‍ശിക്കാനിരിക്കെ നടന്ന അപകടം ഗൗരവമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്. വെല്ലിങ്ടണ്‍ ഐലന്‍ഡിന് സമീപമുള്ള ഇന്ധന ടാങ്കിനടുത്ത് ഡ്രോണ്‍ തകര്‍ന്നു വീണത് മേഖലയില്‍ ആശങ്കയിലാഴ്ത്തി.

കടലില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഈ ഡ്രോണ്‍ വിമാനം റിമോര്‍ട്ട് കണ്‍ട്രോളിലൂടെ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. സംഭവത്തെ തുടര്‍ന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.