നാടകീയതയ്‌ക്കൊടുവില്‍ ബ്രിട്ടന്‍ പിന്‍മാറി;ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര കോടതി ജഡ്ജി.

single-img
21 November 2017

ഹേഗ്: ഐക്യരാഷ്ട്ര സംഘടനയുടെ നീതിന്യായ സംവിധാനമായ രാജ്യാന്തര കോടതി (ഐ.സി.ജെ) ജഡ്ജി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യയ്ക്കു വിജയം. ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി ജഡ്ജി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരത്തില്‍ നിന്ന് പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് 70 കാരനായ ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ബെഞ്ചില്‍ അംഗമാവുന്നത്. 15 അംഗങ്ങളുള്ള ബെഞ്ചിലെ അവസാന സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് ഭണ്ഡാരി തിരഞ്ഞെടുക്കപ്പെടുന്നത്.

15 അംഗ അന്താരാഷ്ട്ര കോടതി ബെഞ്ചിലേക്കുള്ള മൂന്നിലൊന്നുപേരെ മൂന്നു വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുക്കുന്നത്. ഒമ്പതുവര്‍ഷമാണ് കാലാവധി.
1945ല്‍ രൂപീകൃതമായ രാജ്യാന്തര കോടതിയില്‍ ചരിത്രത്തില്‍ ആദ്യമായാണു ബ്രിട്ടനു ജഡ്ജിയില്ലാതാവുന്നത്. രണ്ടാം തവണയാണ് ഭണ്ഡാരി ഐ.സി.ജെയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.