ഡങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുവയസ്സുകാരി മരിച്ചു: 15 ദിവസത്തെ ചികിത്സക്ക് ആശുപത്രി നല്‍കിയത് 18 ലക്ഷം രൂപയുടെ ബില്ല്

single-img
21 November 2017

ന്യൂഡല്‍ഹി: ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ കുടുംബത്തിന് ലക്ഷങ്ങള്‍ ബില്ല് നല്‍കി ആശുപത്രി അധികൃതരുടെ പീഡനം. 15 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) കിടന്ന ശേഷമാണു പെണ്‍കുട്ടി മരിച്ചത്. ഇതിന് 18 ലക്ഷം രൂപയുടെ ബില്ലാണ് ആശുപത്രി അധികൃതര്‍ വീട്ടുകാര്‍ക്കു നല്‍കിയത്.

ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രിയിലാണു സംഭവം. സെപ്റ്റംബര്‍ ആദ്യമാണ് ഡല്‍ഹി ദ്വാരക സ്വദേശിയായ ജയന്തിന്റെ മകള്‍ ആദ്യയെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡോപ്ഫ്‌ലോട്ട് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ആശുപത്രിയുടെ നടപടി പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

2700 ഗ്ലൗസ് ഉപയോഗിച്ചതിന് 17,142 രൂപയാണ് ബില്‍ ഈടാക്കിയതെന്നും 18 ലക്ഷത്തിന് പുറമെ രക്തപരിശോധനയ്ക്കും മറ്റുമായി 2.17 ലക്ഷം രൂപ ആദ്യയുടെ പിതാവില്‍ നിന്നും ഈടാക്കിയിരുന്നെന്നും ഡോപ്ഫ്‌ലോട്ട് തന്റെ ട്വീറ്റില്‍ പറയുന്നു. 660 സിറിഞ്ചാണ് കുട്ടിക്ക് വേണ്ടി ഉപയോഗിച്ചത് എന്നാണ് ബില്ലില്‍ പറയുന്നത്.

7 വയസുള്ള ഒരു കുഞ്ഞിന് 15 ദിവസത്തെ ചികിത്സയ്ക്കിടെ 660 സിറിഞ്ച് ഉപയോഗിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ തന്നെ ബില്ലില്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ ദിവസം ഏകദേശം 40 സിറിഞ്ച് കുട്ടിക്ക് ഉപയോഗിച്ചുവെന്നാണ് അവര്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിച്ച് അഞ്ചാം ദിവസം മുതല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് അതിന് ശേഷം ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ പോലും സംശയമുണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

ഈ ദിവസങ്ങളില്‍ എടുത്ത കുഞ്ഞിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടും എം.ആര്‍.ഐ റിപ്പോര്‍ട്ടും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നല്‍കിയില്ല. 13 രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഷുഗര്‍ സ്ട്രിപ്‌സിന് 200 രൂപയാണ് ഈടാക്കിയിരിക്കുന്നത്. 500 രൂപ വരെ ഇതിന് ഈടാക്കിയ ദിവസമുണ്ടെന്നും കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

മാത്രമല്ല വലിയ ബില്‍ അടയ്ക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ കുട്ടിയുടെ ബോഡി വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍ എന്നും ബില്‍ അടച്ചിട്ടും ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.

അതേസമയം കുട്ടി രക്ഷപ്പെടില്ലെന്നു ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നെന്നു പിതാവ് ജയന്ത് സിങ് പറഞ്ഞു. ഐസിയുവില്‍ കുറേ ദിവസം കുട്ടിയെ കിടത്തി. മസ്തിഷ്‌കത്തിലെ കോശങ്ങള്‍ നശിച്ചെന്നു ബോധ്യമായിട്ടും പരിശോധിക്കാന്‍പോലും ഡോക്ടര്‍മാര്‍ തയാറായില്ല.

തന്റെ നിര്‍ബന്ധത്തിലാണു പിന്നീട് ആശുപത്രി അധികൃതര്‍ എംആര്‍ഐ പരിശോധന നടത്തിയതെന്നും ഇദ്ദേഹം വ്യക്തമാക്കി. 80 ശതമാനത്തോളം മസ്തിഷ്‌കം നശിച്ചിരുന്നുവെന്ന് അതില്‍നിന്നു വ്യക്തമാണെന്നും പിതാവ് പറഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയില്ല. ആദ്യം റോക്ലാന്‍ഡ് ആശുപത്രിയിലാണു കുട്ടിയെ അഡ്മിറ്റ് ചെയ്തത്. പിന്നീടാണ് ഫോര്‍ട്ടിസിലേക്കു മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്ലാ മെഡിക്കല്‍ പ്രൊട്ടോക്കോളും അനുസരിച്ചാണു കുട്ടിയെ പരിശോധിച്ചതെന്നു അവകാശപ്പെട്ടു ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ പ്രസ്താവനയിറക്കിയിരുന്നു. ഗുരുതരമായ ഡെങ്കിപ്പനി ബാധിച്ച പെണ്‍കുട്ടിക്കു പിന്നീടു ഡെങ്കി ഷോക്ക് സിന്‍ഡ്രോമും ബാധിച്ചു.

ഐവി ഫ്‌ലൂയിഡുകളും മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളും വഴിയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് അകാരണമായി കുറഞ്ഞതാണു കുട്ടി മരിക്കാന്‍ കാരണമെന്നും ആശുപത്രിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്.

ആശുപത്രിയ്‌ക്കെതിരായ ആരോപണം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി ജെ.പി.നഡ്ഡ ഇടപെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും വിഷയത്തില്‍ ഉടന്‍ തന്നെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയത്തില്‍ ഏത് വിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍കുട്ടി പീഡിയാട്രിക് ഐ.സി.യുവില്‍ ആയിരുന്നുവെന്നുമാണ് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികരണം.