ഹാദിയ കേസ്: അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് പിതാവിന്റ ഹര്‍ജി

single-img
21 November 2017

ന്യൂഡല്‍ഹി: ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ രേഖപ്പെടുത്തണമെന്ന് പിതാവ് സുപ്രീംകോടതിയില്‍. മതപരിവര്‍ത്തനം നടത്തിയ സൈനബയേയും സത്യസരണി അധികൃതരേയും വിളിച്ചുവരുത്തണമെന്നും അശോകന്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പരസ്യമായി മൊഴി രേഖപ്പെടുത്തുന്നത് ഹാദിയയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഹര്‍ജിയുമായി അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ വാദത്തിനിടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.

അതിനിടെ ഹാദിയ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് എസ്‌ഐഒ നല്‍കിയ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ എറണാകുളം എസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളില്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.