മലയാളി ഡോക്ടര്‍മാര്‍ക്ക് സാധാരണക്കാരേക്കാള്‍ ആയുസ്സ് കുറവാണെന്ന് പഠനം

single-img
21 November 2017

കൊച്ചി: മലയാളി ഡോക്ടര്‍മാര്‍ക്ക് സാധാരണക്കാരേക്കാള്‍ ആയുസ്സ് കുറവാണെന്ന് പഠനം. ഡോക്ടര്‍മാര്‍ക്കിടയിലെ പ്രധാന മരണകാരണം ഹൃദയസംബന്ധമായ തകരാറുകള്‍, ക്യാന്‍സര്‍ എന്നിവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) റിസേര്‍ച്ച് സെല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇതനുസരിച്ച് ശരാശരി ഒരു ഇന്ത്യക്കാരന്റെ ആയുസ്സ് 67.9 വയസ്സുവരെയാണ്. ഒരു ശരാശരി മലയാളിയുടേത് 74.9 വയസ്സുവരെയും. എന്നാല്‍ ഒരു മലയാളി ഡോക്ടറുടെ ആയുസ്സ് 61.75 വയസ്സു വരെ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. 2007 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ഇക്കാലയളവില്‍ മരണപ്പെട്ട ഡോക്ടര്‍മാരില്‍ 87 ശതമാനം പുരുഷന്മാരും,13 ശതമാനം സ്ത്രീകളുമാണ്.

ഇവരില്‍ 27 ശതമാനം പേര്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണവും,25 ശതമാനം പേര്‍ ക്യാന്‍സര്‍ ബാധിച്ചും,2 ശതമാനം പേര്‍ അണുബാധയാലും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ശേഷിക്കുന്ന ഒരു ശതമാനം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ആയുര്‍ദൈര്‍ഘ്യം കുറയുന്നതിന്റെ കാരണത്തെ കുറിച്ച് പഠനത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ മാനസിക സമ്മര്‍ദ്ദമാണ് ആയുര്‍ദൈര്‍ഘ്യം കുറയാനുള്ള കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ദീര്‍ഘ നേരത്തെ ജോലിയും സമ്മര്‍ദ്ദവും രോഗികളുടെ എണ്ണക്കൂടുതലുമെല്ലാം ഡോക്ടര്‍മാരുടെ ആരോഗ്യത്തെ ബാധിക്കുന്നു. മറ്റ് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡോക്ടര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലി സമ്മര്‍ദ്ദം കുറവാണെന്നതും കാരണമാണ്.

അതിസമ്മര്‍ദ്ദം പ്രമേഹവും ഹൃദേരോഗ സാധ്യതയുമെല്ലാം ഡോക്ടര്‍മാരുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ഐഎംഎ പ്രസിഡന്റ് കെകെ അഗര്‍വാള്‍ പറയുന്നു.