നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ തിരക്കിട്ടശ്രമം

single-img
21 November 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍. ദിലീപ് കേസ് അട്ടിമറിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.

അതിനിടെ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ദുബായില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജാമ്യ വ്യവസ്ഥയില്‍ ഒരാഴ്ചത്തെ ഇളവാണ് ദിലീപിന് അനുവദിച്ചിരിക്കുന്നത്. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍ ജാമ്യാപേക്ഷയില്‍ ഇളവു നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതിയെടുത്തത്. കര്‍ശന വ്യവസ്ഥകളോടെയാണ് പാസ്‌പോര്‍ട്ട് നടന് കൊടുക്കുന്നത്. മജിസ്‌ട്രേട്ടിന് മുമ്പില്‍ സത്യവാങ്മൂലം നല്‍കി പോയി വരാനാണ് അനുമതി. ഏഴ് ദിവസത്തിനുള്ളില്‍ തിരിച്ചെത്തണം.

അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ പൊലീസിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നു നിര്‍ദേശിച്ച കോടതി, വിദേശത്തെ വിലാസം അന്വേഷണ സംഘത്തിനു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും ഉള്‍പ്പെടെയാണ് അനുബന്ധ കുറ്റപത്രം തയ്യാറായിരിക്കുന്നത്.
ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന.

പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നല്‍കുന്നത്. ആദ്യ കേസില്‍ ഏഴു പേരുള്ളതിനാല്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കുമെന്നാണ് സൂചന.

നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കണമെങ്കില്‍ ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വലിയ അഴിച്ചു പണി നടത്തേണ്ടി വരും. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കും.

ഇക്കാരണങ്ങള്‍ കൊണ്ടാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. എത്രാമത്തെ പ്രതിയാണെങ്കിലും ചുമത്തിയ കുറ്റങ്ങളാണ് ശിക്ഷയെ നിര്‍ണ്ണയിക്കുന്നതെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

അന്തിമ വിശകലനങ്ങള്‍ക്കു വേണ്ടിയായിരുന്നു കൂടിക്കാഴ്ച. പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച ചാര്‍ളിയെ മാപ്പുസാക്ഷിയാക്കില്ലെന്ന് പോലീസ് സൂചിപ്പിച്ചു. ചില സാക്ഷികളെ പ്രതിഭാഗം സ്വാധീനിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ആരെങ്കിലും അപ്രത്യക്ഷരാകാനുള്ള സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. സുനി നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.