മോദിയ്ക്കു നേരെ ഉയരുന്ന കൈകള്‍ വെട്ടിയെടുക്കുമെന്ന് ബീഹാര്‍ ബി.ജെ.പി അധ്യക്ഷന്‍

single-img
21 November 2017

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിയെടുക്കുമെന്ന് ബീഹാര്‍ ബി.ജെ.പി നേതാവിന്റെ ഭീഷണി. ബീഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ ഉജിയര്‍പൂര്‍ നിത്യാനന്ദ് റായിയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.

ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്രമോദി. അദ്ദേഹത്തിനെതിരെ ഏതെങ്കിലും കൈകളോ വിരലുകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണം. ആവശ്യം വന്നാല്‍ ഛേദിച്ചു കളഞ്ഞേക്കണമെന്നായിരുന്നു നിത്യാനന്ദ റായിയുടെ പ്രസ്താവന.

ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. അതേസമയം വിരലൊടിക്കണമെന്നും കൈവെട്ടണമെന്നുമുള്ള പ്രയോഗം താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന് സംഭവം വിവാദമായതോടെ നിത്യാനന്ദ റായി പ്രതികരിച്ചു.

രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് തന്റെ പ്രസ്താവനകൊണ്ട് ഉദ്ദേശിച്ചതെന്നും റായ് മാധ്യമങ്ങങ്ങളോട് പറഞ്ഞു.