ഫോണ്‍ കെണി വിവാദത്തില്‍ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് കമ്മീഷന്‍

single-img
21 November 2017

മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. രണ്ട് വാല്യങ്ങളിലായി 405 പേജ് റിപ്പോര്‍ട്ടാണ് പി എസ് ആന്റണി കമ്മീഷന്‍ സമര്‍പ്പിച്ചത്.

മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും സ്വയം നിയന്ത്രണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടെന്ന് പി എസ് ആന്റണി കമ്മീഷന്‍ പ്രതികരിച്ചു. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു.

നിയമനടപടികളെക്കുറിച്ചു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യും. മാധ്യമ രംഗത്തെ നവീകരണ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒന്‍പതരയ്ക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണു റിപ്പോര്‍ട്ട് കൈമാറിയത്. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്റെ കണ്ടെത്തല്‍ എ.കെ. ശശീന്ദ്രന് നിര്‍ണായകമാണ്.

രാഷ്ട്രീയമായും ധാര്‍മികമായും കേരളം ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന.
അതിനിടെ, അശുഭ ചിന്തകളുടെ ആളല്ല താനെന്ന് എ.കെ. ശശീന്ദ്രന്‍ കാസര്‍കോട് മാധ്യമങ്ങളോടു പറഞ്ഞു. നിലവില്‍ അതിനുള്ള സാഹചര്യവുമില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അറിഞ്ഞു. വിശദാംശങ്ങള്‍ അറിഞ്ഞിട്ടില്ല. അന്വേഷണ കമ്മീഷനുമായി നല്ല നിലയിലാണു സഹകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാനല്‍ പ്രവര്‍ത്തകയോടു ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന ആക്ഷേപം പുറത്തുവന്നതോടെയാണ് എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനാണു വിരമിച്ച ജഡ്ജി പി.എസ്. ആന്റണി അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

മേയ് 30നാണ് കമ്മീഷന്‍ നടപടികള്‍ തുടങ്ങിയത്. അഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവിലാണു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. രണ്ട് തവണയായി ദീര്‍ഘിപ്പിച്ചു നല്‍കിയ കാലാവധി ഡിസംബര്‍ 30വരെ ഉണ്ടായിരുന്നു.