അമിത് ഷായ്ക്ക് അനുകൂലമായി കേസ് വിധിയ്ക്കാന്‍ 100 കോടി വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി ജഡ്ജിയുടെ സഹോദരി

single-img
21 November 2017

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രധാന കുറ്റാരോപിതനായ കേസ് പരിഗണിച്ചിരുന്ന പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരി. അമിത് ഷായ്ക്ക് അനുകൂല വിധി പറയുന്നതിനു വേണ്ടി ലോയക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായാണ് വെളിപ്പെടുത്തല്‍.

കാരവന്‍’ മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോയയുടെ മരണത്തിലെ അസ്വഭാവികതയെ സംബന്ധിച്ച് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷായാണ് ലോയക്ക് കൈക്കൂലി വാഗ്ദാനം ചെയ്തത്. കേസില്‍ അനുകൂല വിധിപ്രസ്താവിച്ചാല്‍ 100 കോടി രൂപ നല്‍കാമെന്ന് പറഞ്ഞു. ഇക്കാര്യങ്ങള്‍ മരണപ്പെടുന്നതിന് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ലോയ തന്നോട് പറഞ്ഞതായി അനുരാധ ബിയാനി പറയുന്നു. ലോയയുടെ പിതാവ് ഹര്‍കിഷനും ഇതേ വെളിപ്പെടുത്തല്‍ നടത്തിയതായി ‘കാരവന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മരിക്കുന്ന സമയത്ത് ജസ്റ്റിസ് ലോയ കൈകാര്യം ചെയ്തിരുന്നത് രാജ്യത്തെ ഞെട്ടിച്ച കേസുകളിലൊന്നായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് മാത്രമായിരുന്നു. 2014ല്‍ നിര്‍ബന്ധമായും അമിത് ഷാ കോടതിയില്‍ ഹാജരായിരിക്കണം എന്ന താക്കീത് നല്‍കിയതിന് പിന്നാലെ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ജെ.ടി.ഉത്പത്തിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ ചുമതലയേല്‍ക്കുന്നത്. ഉത്പത് കേസ് പരിഗണിച്ചിരുന്ന ഒരു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അമിത് ഷാ കോടതിയില്‍ എത്തിയിരുന്നില്ല. പ്രമേഹ രോഗിയാണെന്നും അനങ്ങാന്‍ സാധിക്കില്ലെന്നുമുള്ള വാദങ്ങള്‍ നിരത്തിയായിരുന്നു അമിത് ഷാ കോടതിയില്‍ ഹാജരാവാതിരുന്നത്.

എന്നാല്‍ രോഗം വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ ഒന്നും കോടതിയില്‍ ഹാജരാക്കിയിരുന്നുമില്ല. 2014 ജൂണ്‍ ആറിന് കോടതിയില്‍ അമിത് ഷാ കോടതിയില്‍ ഹാജരാകണമെന്ന് ഉത്പത് നിര്‍ദേശിച്ചു. എന്നാല്‍ അതുണ്ടായില്ല. ജൂണ്‍ 20 വീണ്ടും ഹാജരാവാന്‍ നിര്‍ദേശിച്ചു. അന്നും അമിത് ഷാ എത്തിയില്ല. ജൂണ്‍ 26ന് ഹാജരാവാന്‍ അന്തിമ നിര്‍ദേശം നല്‍കി. എന്നാല്‍ ജൂണ്‍ 25ന് ഉത്പത്തിനെ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. സൊഹ്റാബുദ്ദിന്‍ കേസ് തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ജഡ്ജിയുടെ കീഴില്‍ പരിഗണിക്കണമെന്ന 2012ലെ സുപ്രീംകോടതി വിധി ലംഘിക്കലായിരുന്നു ഇത്.

10,000 പേജുകളിലായുള്ള ചാര്‍ജ് ഷീറ്റ് ലോയ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതായി ബന്ധു ബാലപ്രസാദ് ബിയാനി പറയുന്നു. പ്രധാനപ്പെട്ട കേസാണിത്. ടെന്‍ഷന്‍ വല്ലാതെയാവുന്നു എന്ന് ലോയ പറഞ്ഞിരുന്നതായും അവര്‍ പറയുന്നു. അമിത് ഷായെ കുറ്റവിമുക്തനാക്കണം എന്നായിരുന്നു എതിര്‍ഭാഗം ശക്തമായി ഉന്നയിച്ചിരുന്നത്. അതിനാല്‍ തന്നെ സമ്മര്‍ദ്ദം നിറഞ്ഞ കോടതി അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നതെന്ന് ലോയ തന്നോട് പറഞ്ഞിരുന്നതായി അഭിഭാഷകന്‍ മിഹിര്‍ ദേശായി പറയുന്നു.

സിബിഐ കോടതിയില്‍ ഹാജരാക്കിയ ഫോണ്‍കോള്‍ സംഭാഷണം അടങ്ങിയ ടേപ്പിന്റെ തര്‍ജിമ തങ്ങള്‍ക്ക് വേണമെന്ന് ലോയ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ചിരുന്ന ലോയയ്ക്കും, പരാതിക്കാരനും ഗുജറാത്തി ഭാഷ അറിയില്ല. ഗുജറാത്തിയിലായിരുന്നു ഫോണ്‍ സംഭാഷണം. എന്നാല്‍ ടേപ്പിന്റെ തര്‍ജമ എന്ന ആവശ്യം എതിര്‍ഭാഗം നിരന്തരം നിഷേധിച്ചിരുന്നതായി ദേശായി പറയുന്നു. ഇതുകൂടാതെ പരാതിക്കാരന്റെ അഭിഭാഷകനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കുറേ ആളുകള്‍ കോടതിയില്‍ നിലയുറപ്പിക്കാറുണ്ടായിരുന്നതായും ദേശായി പറയുന്നു.

പലപ്പോഴും അവധി ചോദിച്ചിരുന്ന അമിത് ഷാ കേസില്‍ ഹാജരാകാതിരിക്കുന്നതിനെ സംബന്ധിച്ച് ലോയ തിരക്കിയിരുന്നു. 2014 ഒക്ടോബര്‍ 31ന് കേസ് പരിഗണിക്കവെ ഹാജരാകാതിരുന്ന അമിത് ഷാ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. കോടതിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയ ലോയ, അമിത് ഷാ സംസ്ഥാനത്തിനു പുറത്താണെങ്കില്‍ മാത്രമേ അവധി അനുവദിക്കാനാവൂ എന്നും ഡിസംബര്‍ 15ന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകുന്ന കാര്യം ഉറപ്പാക്കണമെന്നും പറഞ്ഞു.

ഇതിനു ശേഷമാണ് 2010-2015 കാലഘട്ടത്തില്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ ലോയയെ കാണണമെന്ന് ആവശ്യപ്പെടുന്നത്. സൊഹ്റാബുദ്ദീന്‍ കേസില്‍ അനുകൂല വിധി പുറപ്പെടുവിപ്പിക്കണമെന്ന് ലോയയുടെ മേല്‍ മോഹിത് ഷാ സമ്മര്‍ദ്ദം ചെലുത്തി. 100 കോടി രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ ലോയ വാഗ്ദാനങ്ങളെല്ലാം നിരസിക്കുകയായിരുന്നു. ജോലി രാജിവെക്കുകയോ ട്രാന്‍സ്ഫറിനു ശ്രമിക്കുകയോ ചെയ്യുമെന്ന് ലോയ പറഞ്ഞതായി പിതാവ് ഹര്‍കിഷന്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നിനാണ് ലോയയുടെ മരണ വാര്‍ത്ത വീട്ടുകാര്‍ അറിയുന്നത്. ആര്‍എസ്എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂറില്‍ സഹപ്രവര്‍ത്തകനായ മറ്റൊരു ജഡ്ജിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു ലോയ. തലേദിവസം രാത്രി 11 മണിയോടെ ലോയ ഭാര്യ ഷാര്‍മ്മിളയെ ഫോണ്‍ ചെയ്തിരുന്നു. 40 മിനിറ്റോളം അദ്ദേഹം ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്നത്തെ ദിവസത്തെ തിരക്കുകളെപ്പറ്റി സംസാരിച്ചു. നാഗ്പൂറിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസായ രവി ഭവനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താനുണ്ടെന്നും ഭാര്യയോട് പറഞ്ഞു. പിറ്റേദിവസം രാവിലെ അപ്രതീക്ഷിതമായാണ് ലോയയുടെ മരണവാര്‍ത്ത വീട്ടുകാര്‍ കേള്‍ക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരണപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

ലോയയുടെ മരണ ശേഷം വന്ന എം ബി ഗോസവി, തന്നെ കുറ്റവിമുക്തനാക്കണമെന്ന അമിത് ഷായുടെ അപേക്ഷ ഡിസംബര്‍ 15 മുതല്‍ മൂന്നു ദിവസം കേട്ടു. ഡിസംബര്‍ 30ന് 75 പേജ് വരുന്ന വിധി പുറപ്പെടുവിച്ചു. അമിത് ഷായെ എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തനാക്കി.
ലോയയുടെ മരണം കൊലപാതകമാണെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നതായി ‘കാരവന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോയയുടെ അച്ഛന്‍ ഹര്‍കിഷന്‍, സഹോദരിമാരായ അനുരാധ, സരിത, അനുരാധയുടെ മകളും ഡോക്ടറുമായ നൂപുര്‍ ബാലപ്രസാദ് ബിയാനി എന്നിവരുമായി സംസാരിച്ചാണ് കാരവന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍, ലോയയുടെ ഭാര്യയും മക്കളും ഭീതികാരണം പ്രതികരിച്ചില്ല. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ലോയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞെന്നും മൃതദേഹം ജന്മനാടായ ഗതെഗാവിലേക്ക് ആംബുലന്‍സില്‍ അയച്ചെന്നുമായിരുന്നു വിവരം. ലത്തൂരിലുള്ള ഒരു സഹോദരി നാഗ്പുരിലേക്ക് പോകാന്‍ പുറപ്പെട്ടപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹെതി തടഞ്ഞു. മൃതദേഹം നാഗ്പുരില്‍നിന്ന് കൊണ്ടുപോയെന്നും ഗതെഗാവിലേക്ക് പോയാല്‍മതിയെന്നും നിര്‍ദേശിച്ചു.

പുലര്‍ച്ചെതന്നെ മരണവിവരം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എങ്ങനെ അറിഞ്ഞുവെന്നത് ദുരൂഹമാണ്. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ സഹ ജഡ്ജിമാരോ മറ്റ് പ്രമുഖരോ അനുഗമിച്ചില്ല. ലോയയുടെ ഷര്‍ട്ടിന്റെ കോളറില്‍ രക്തപ്പാടുകളുണ്ടായിരുന്നു. തലയ്ക്ക് പിന്നില്‍ക്കണ്ട മുറിവിനെക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. വീണ്ടും പോസ്റ്റ്മോര്‍ട്ടംവേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു.

ഹൃദയാഘാതംമൂലമുള്ള മരണം പോസ്റ്റ്മോര്‍ട്ടം നടത്തിയതിലും ദുരൂഹതയുണ്ട്. അതിനായി ബന്ധുക്കളുടെ സമ്മതവും വാങ്ങിയിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ പൊലീസ് പഞ്ച്നാമ തയ്യാറാക്കി ലോയയുടെ വസ്തുവകകള്‍ സീല്‍ചെയ്ത് സൂക്ഷിക്കുകയും പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുകയുംവേണം. ഇതുമുണ്ടായില്ല. ലോയയുടെ ഫോണ്‍ നാല് ദിവസത്തിനുശേഷം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബഹെതിയാണ് കുടുംബത്തിന് കൈമാറിയത്. ഫോണ്‍വിളി വിശദാംശങ്ങളും എസ്എംഎസുകളും നീക്കിയിരുന്നു. ഒപ്പമുണ്ടായ ജഡ്ജിമാര്‍ കുടുംബത്തെ കണ്ടത് ഒന്നരമാസത്തിന് ശേഷമാണ് എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005-06 കാലയളവില്‍ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സിബിഐ പ്രതിചേര്‍ത്തിരുന്നു. ചെറുകിട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ കസ്റ്റഡിയില്‍ എടുക്കുകയും ലഷ്‌കര്‍ഇതൈ്വബ തീവ്രവാദികള്‍ എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന തുളസിറാം പ്രജാപതിയെ 2006 ഡിസംബറില്‍ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് അടുത്ത കേസ്.