തട്ടിപ്പില്‍ ഡോക്ടറേറ്റെടുത്ത പൂമ്പാറ്റ സിനി വിഐപികളെ ബ്ലാക്‌മെയില്‍ ചെയ്ത് നേടിയത് കോടികള്‍: കെണിയില്‍ വീണ റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്തു: ഡ്രൈവര്‍ക്ക് നല്‍കുന്ന ശമ്പളം ഒരു ലക്ഷം

single-img
20 November 2017

തൃശൂര്‍: ആലപ്പുഴയില്‍ റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും പൂമ്പാറ്റ സിനി എന്ന സിനി ലാലു ആണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ജൂവലറി ഉടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പൂമ്പാറ്റ സിനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

റിസോര്‍ട്ട് ഉടമയുമായി സൗഹൃദം സ്ഥാപിച്ച് കൂട്ടുകൂടിയ ശേഷം ഇവര്‍ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതുകാണിച്ച് നിരന്തരം ബ്ലാക്ക് മെയിലിംഗ് ചെയ്തിരുന്നെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരുടെ ഭീഷണിയെ തുടര്‍ന്നാണ് റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ആലപ്പുഴ അരൂരില്‍ വെച്ചായിരുന്നു സിനി റിസോര്‍ട്ട് ഉടമയെ പരിചയപ്പെടുകയും പിന്നീട് അടുപ്പമുണ്ടാക്കുകയും ചെയ്തത്. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള അശ്ലീലരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിലേക്ക് നീളുകയായിരുന്നു. ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ ബ്ലാക്ക് മെയിലിംഗ് തുടര്‍ന്നതോടെയാണ് റിസോര്‍ട്ടുടമ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.

സംസ്ഥാനത്തിന്റെ പല ജില്ലകളിലും പല രീതിയില്‍ സിനി വന്‍ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് തൃശൂരില്‍ നഗരത്തിലെ തന്നെ അനേകം ജ്വല്ലറി ഉടമകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം സ്വര്‍ണ്ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമകളില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തതായും തൃശൂര്‍ ജില്ലയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും 16 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും ഇവര്‍ ഇത്തരത്തില്‍ കൊള്ളയടിച്ചതായും പോലീസ് കണ്ടെത്തി.

ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. കൂടാതെ പഴയ തറവാട്ടമ്പലം പുതുക്കിപ്പണിയുന്ന സമയത്ത് നിധി കിട്ടിയെന്നും ഇത് വില്‍ക്കുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 20 ലക്ഷം രൂപയും തട്ടിയെടുത്തു.

സ്വര്‍ണ്ണ ബിസിനസില്‍ പണമിറക്കിയാല്‍ നാലുമാസം കൊണ്ട് ഇരട്ടിയാക്കി തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നും സിനിയ്‌ക്കെതിരെ പരാതിയുണ്ട്. ഫഌറ്റും വില്ലകളും കേന്ദ്രീകരിച്ച് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള ആഡംബര ജീവിതം നയിച്ചിരുന്ന പൂമ്പാറ്റ സിനിയും സംഘവും ആഡംബര കാറുകളും മറ്റും വാടകയ്ക്ക് എടുത്തായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്.

അതേസമയം പൂമ്പാറ്റ സിനി തട്ടിപ്പുനടത്തിയെടുത്ത പണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. തട്ടിപ്പുസംഘത്തെ കൂടുതലായി ചോദ്യം ചെയ്താല്‍ സംസ്ഥാനത്തെ നിരവധി തട്ടിപ്പുകള്‍ക്ക് തുമ്പുണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

നിരവധി ബിസിനസുകാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവര്‍ പോലീസിലും മറ്റും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പലപ്പോഴും ഇവര്‍ രക്ഷപ്പെടുകയാണ് പതിവ്.

തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ രാഹുല്‍ ആര്‍. നായരുടെ നിര്‍ദ്ദേശാനുസരണം ഈസ്റ്റ് സി.ഐ. സേതുവിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് എസ്.ഐ. ജിജോ, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ. വി.കെ. അന്‍സാര്‍, എ.എസ്.ഐമാരായ. പി.എം. റാഫി, എന്‍.ജി. സുവ്രതകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടല്‍കുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

ആരാണ് പൂമ്പാറ്റ സിനി

കൊച്ചിക്കാരിയാണ്. പത്താംക്ലാസ് തോറ്റു. ചെത്തുകാരെ വാചകമടിച്ച് വീഴ്ത്തി അന്തിക്കള്ളു വാങ്ങും. ഇതുക്കൊണ്ടു പോയി വിറ്റ് പണമുണ്ടാക്കും. അങ്ങനെ, ചെത്തുകാരനുമായി പ്രണയത്തിലായി. വിവാഹം കഴിച്ചു. ഒരു മകളുണ്ടായി. ഭര്‍ത്താവ് മരിച്ചതോടെ ചില്ലറ തട്ടിപ്പുമായി ഇറങ്ങി.

വ്യാപാരിയോട് അടുപ്പംകൂടി. വ്യാപാരിയ്‌ക്കൊപ്പം രാത്രി കഴിഞ്ഞപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള നഗ്‌നചിത്രമെടുത്തു. പിറ്റേന്നു മുതല്‍ ഈ ചിത്രം കാട്ടി ഭീഷണി. ചോദിക്കുമ്പോഴെല്ലാം വ്യാപാരി പണം കൊടുക്കും. അങ്ങനെ, 21 ലക്ഷം രൂപ വരെ പലപ്പോഴായി കൊടുത്തു.

വീണ്ടും ഭീഷണി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ വ്യാപാരി ജീവനൊടുക്കി. പിന്നെയും തട്ടിപ്പ് തുടര്‍ന്നു. കൊച്ചിയില്‍ വാടക വീട്ടില്‍ കഴിയുമ്പോള്‍ വീട്ടുടമയേയും പറ്റിച്ചു. സിനിയോട് മിണ്ടിയാല്‍ ആഭരണമോ പണമോ കൊടുത്തിരിക്കും. സംസാരിച്ചു വീഴ്ത്താന്‍ അത്രയും കഴിവാണ്.

എപ്പോഴും വേണം ലഹരി

കൊച്ചിയിലെ വീട്ടില്‍ സിനിയുടെ വീട്ടില്‍ റെയ്ഡിന് എത്തിയപ്പോള്‍ പാന്‍ ഉല്‍പന്നങ്ങളുടെ വലിയ ശേഖരം. ഇത്രയും പാന്‍ ഉല്‍പന്നങ്ങള്‍ എന്തിനാണാവോ?. വില്‍ക്കാനായിരിക്കുമെന്ന് പൊലീസ് സംശയിച്ചു. വനിതാ സ്റ്റേഷനില്‍ എത്തിച്ച ഉടനെ ദേഹപരിശോധന നടത്തി. ബ്ലൗസിനുള്ളില്‍ നിന്ന് ഹാന്‍സിന്റെ അരഡസന്‍ പായ്ക്കറ്റുകളാണ് പൊലീസിന് കിട്ടിയത്. എല്ലായ്‌പ്പോഴും വായില്‍ ഹാന്‍സ് ഉണ്ടായിരിക്കും. പിന്നെ, നന്നായി മദ്യപിക്കും.

ഡ്രൈവറുടെ ശമ്പളം ഒരു ലക്ഷം

സിനിക്കൊപ്പം അറസ്റ്റിലായ ഡ്രൈവറോട് പൊലീസ് ചോദിച്ചു. നിനക്ക് മുമ്പ് വല്ല കേസമുണ്ടോ. ഇല്ല. നിനക്കെന്തായിരുന്നു പണി. തൃശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഒരു വര്‍ഷമായി സിനിയുടെ കാറിന്റെ ഡ്രൈവറാണ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടേതു പോലെ വെയിലുകൊണ്ട ലക്ഷണമില്ലല്ലോയെന്ന് പൊലീസ് ചോദിച്ചു. എല്ലായ്‌പ്പോഴും എ.സിയിലാണ് ജീവിതമെന്നായിരുന്നു യുവാവിന്റെ മറുപടി.