ചേതേശ്വര്‍ പൂജാരയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ അത്യപൂര്‍വ്വ റെക്കോര്‍ഡ്: 10 വിക്കറ്റും വീഴ്ത്തി ഫാസ്റ്റ് ബൗളര്‍മാരും റെക്കോര്‍ഡിട്ടു

single-img
20 November 2017

കൊല്‍ക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയ്ക്ക് അത്യപൂര്‍വ്വമായ റെക്കോര്‍ഡ്. ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ച് ദിവസവും ബാറ്റ് ചെയ്യുക എന്ന റെക്കോര്‍ഡാണ് സൗരാഷ്ട്രയില്‍ നിന്നുള്ള വലംകയ്യന്‍ ബാറ്റ്‌സ്മാനായ പൂജാര സ്വന്തമാക്കിയത്.

കൊല്‍ക്കത്തയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 52 റണ്‍സെടുത്ത് ടോപ് സ്‌കോററായ പൂജാര രണ്ടാം ഇന്നിംഗ്‌സില്‍ 22 റണ്‍സാണ് അടിച്ചത്. മഴമുടക്കിയ ഒന്നാം ദിവസം അവസാന മണിക്കൂറില്‍ ക്രീസിലെത്തിയ പൂജാര രണ്ടാം ദിവസം കളി സാധ്യമായ കുറച്ച് ഓവറുകള്‍ മുഴുവനും ബാറ്റ് ചെയ്തു.

മൂന്നാം ദിവസം രാവിലെയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഔട്ടായത്. രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിവസം വൈകുന്നേരവും അഞ്ചാം ദിവസം രാവിലെയും ബാറ്റ് ചെയ്ത് പൂജാര റെക്കോര്‍ഡുമിട്ടു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഒമ്പതാമത്തെ ബാറ്റ്‌സ്മാനാണ് പൂജാര. മൂന്നാമത്തെ ഇന്ത്യക്കാരനും.

ബാറ്റിംഗില്‍ ചേതേശ്വര്‍ പൂജാരയാണ് റെക്കോര്‍ഡിന് ഉടമയായതെങ്കില്‍ ബൗളിംഗില്‍ അത് ഫാസ്റ്റ് ബൗളര്‍മാര്‍ മൂവരും ചേര്‍ന്ന് പങ്കിട്ടു. ടെസ്റ്റ് ചരിത്രത്തില്‍ ഇത് മൂന്നാമത്തെ തവണയാണ് ഇന്ത്യയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍മാര്‍ 10 വിക്കറ്റും വീഴ്ത്തുന്നത്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും നാല് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാക്കിയായ രണ്ട് വിക്കറ്റുകള്‍ ഉമേഷ് യാദവിനാണ്. സ്പിന്നര്‍മാരായ അശ്വിനും ജഡേജയും ചേര്‍ന്ന് ആകെ പന്തെറിഞ്ഞത് വെറും 9 ഓവര്‍ മാത്രമാണ്.