പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

single-img
20 November 2017

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഹര്‍ജിയും സി പി ഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയത്, മന്ത്രിസഭാ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നായിരുന്നു വിലയിരുത്തല്‍.