കേരളത്തില്‍ പത്മാവതി റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് നേതാക്കളുടെ ഭീഷണി

single-img
20 November 2017

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ണി സേന തലവന്‍ സുഗ്‌ദേവ് സിങ്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്നാണ് സുഗ്‌ദേവ് സിങ്ങിന്റെ ഭീഷണി. ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കവേയാണ് സുഗ്‌ദേവ് സിങ് ഭീഷണിയുമായി രംഗത്തുവന്നത്.

പത്മാവതി ‘ഇന്ത്യയിലൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. കേരളത്തിലും അനുവദിക്കില്ല. കേരളത്തിലെ ഏതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിയേറ്റര്‍ തന്നെ കാണില്ല. ഞങ്ങള്‍ തിയേറ്റര്‍ കത്തിക്കും.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

കഴിഞ്ഞ ദിവസം ‘പത്മാവതി’യുടെ റിലീസ് തീയതി മാറ്റിയിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ഡിസംബര്‍ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. ചരിത്രം വളച്ചൊടിച്ചുള്ളതാണ് സിനിമയെന്നും റാണി പത്മാവതിയുടെ ജീവിതകഥയില്‍ അനാവശ്യ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയുള്ളതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

‘പത്മാവതി’ സിനിമയ്‌ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. കര്‍ണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. റിലീസിനെത്തുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്നും രാജ്പുത് കര്‍ണിസേന അറിയിച്ചിരുന്നു. ഒരു വര്‍ഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.