കല്യാണച്ചടങ്ങിനിടെ ആര്‍ഭാടം കാണിക്കാന്‍ വെടിയുതിര്‍ത്തു; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

single-img
20 November 2017

പഞ്ചാബില്‍ വിവാഹ ചടങ്ങുകള്‍ക്കിടെ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു. പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ കോട്കാപൂര നഗറില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധുവിന്റെ അമ്മാവന്‍ തോക്കുപയോഗിച്ചു ആകാശത്തേക്ക് വെടിയുതിര്‍ക്കവെ ഉന്നംതെറ്റി കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു.

വിക്രംജിത് സിംങ് എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്‌ ദാരുണമായി മരിച്ചത്. മൂന്നം ക്ലാസുകാരനായ മറ്റൊരു വിദ്യാര്‍ഥിക്കും വെടിയേറ്റിട്ടുണ്ട്. കമ്രീംബ്രാറെന്ന വിദ്യാര്‍ഥിയെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് വരന്റെ അമ്മാവനായ ബല്‍വീന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. 304, 336 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‘തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ് ഇത്. വിവാഹ വീടുകളില്‍ വെടിയുതിര്‍ത്തുകൊണ്ടുള്ള ആഘോഷം നടത്തരുതെന്ന് കൃത്യമായ നിര്‍ദേശം ഞങ്ങള്‍ നല്‍കിയതാണ്.

പക്ഷേ പലരും അത് പാലിക്കുന്നില്ലെന്ന് ഫരീദ്‌കോട്ട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഡോ. നാനക് സിങ് പറഞ്ഞു. സമാനമായ സംഭവങ്ങള്‍ ഇവിടെ മുമ്പും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.