ഇപ്പോഴും മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് സര്‍വേ; ജനവിശ്വാസത്തില്‍ മോദി സര്‍ക്കാര്‍ ലോകത്ത് മൂന്നാം സ്ഥാനത്ത്

single-img
20 November 2017

ന്യൂഡല്‍ഹി: ലോകത്ത് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള സര്‍ക്കാരുകളുടെ പട്ടികയില്‍ മോദി സര്‍ക്കാരിന് മൂന്നാം സ്ഥാനം. ഗാലപ് വേള്‍ഡ് പോള്‍ ആണ് സര്‍വേ നടത്തിയത്. ഇന്ത്യയില്‍ 73 ശതമാനം ജനങ്ങള്‍ മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് സര്‍വേയില്‍ പറയുന്നു.

ഓരോ രാജ്യത്തെയും 1000 പൗരന്മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. നിങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസം ഉണ്ടോ ഇല്ലയോ എന്നാണ് ഓരോരുത്തരോടും ചോദിച്ചത്. സാമ്പത്തിക സാഹചര്യങ്ങള്‍, രാഷ്ട്രീയ അവസ്ഥ അഴിമതി തുടങ്ങിയവയൊക്കെ ജനവിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ സമീപകാലത്ത് നടന്ന അഴിമതി വേട്ടയും നികുതി പരിഷ്‌കാരങ്ങളും മോദിയുടെ ജനസമ്മിതി വര്‍ധിപ്പിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് ജനവിശ്വാസത്തിന്റെ കാര്യത്തില്‍ 80 ശതമാനം പിന്തുണയോടെ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ ഒന്നാം സ്ഥാനവും 79 ശതമാനമുള്ള ഇന്തോനേഷ്യ സര്‍ക്കാര്‍ രണ്ടാം സ്ഥാനവും നേടി.

ലക്‌സംബര്‍ഗ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിലെ ട്രംപ് സര്‍ക്കാരിന് 30 ശതമാനം ജനപിന്തുണയാണുള്ളത്. ബ്രിട്ടനിലെ തെരേസ മേയ് സര്‍ക്കാരിന് 40 ശതമാനം പിന്തുണ ലഭിച്ചു. 41 രാജ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെട്ടത്.