ഇടിമിന്നലുള്ള സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്: അടൂരില്‍ മിന്നലുള്ള സമയത്ത് മൊബൈല്‍ ഉപയോഗിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു

single-img
20 November 2017

പ്രതിവര്‍ഷം കേരളത്തില്‍ മിന്നലേറ്റു മരിക്കുന്നവരുടെ എണ്ണം 70ലധികവും പരിക്കേല്‍ക്കുന്നവരുടെ എണ്ണം നൂറിലധികവും ആണെന്നാണ് കണക്കുകള്‍. മിന്നലുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും അപകടം വരുത്തിവയ്ക്കുന്നത്.

ഇടിമിന്നലുള്ള സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണുകളുടെ കോഡ്‌ലെസ് റിസീവര്‍ തുടങ്ങിയവ അത്ര അപകടകാരികളാകാറില്ലെന്നാണ് പൊതുവെ പറയുക. എന്നാല്‍ മിന്നലിനെത്തുടര്‍ന്ന് വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം അടൂരില്‍ മിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണില്‍ കോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു. പെരിങ്ങനാട് മുണ്ടപ്പള്ളി സ്വദേശി രാജേഷാണ് മരിച്ചത്. രാജേഷ് ഉപയോഗിച്ച ഫോണ്‍ കത്തി നശിച്ചിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ലെങ്കിലും ആ വീട്ടിലുണ്ടായിരുന്ന പലരുടെയും ഫോണിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.