ഹീറോ ചമയാനുള്ള സിപിഐ ശ്രമം ശുദ്ധമര്യാദകേടാണെന്ന് മന്ത്രി എംഎം മണി: സിപിഎമ്മിന് ‘സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യമില്ല’

single-img
20 November 2017

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇടതുമുന്നണിയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേതൃതലത്തില്‍ ശക്തമാകുന്നതിനിടെയാണ് സിപിഐയ്‌ക്കെതിരെ എം.എം. മണി ആഞ്ഞടിച്ചിരിക്കുന്നത്.

തോമസ് ചാണ്ടി പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണിമര്യാദ കാട്ടാന്‍ സിപിഐ തയാറാകണം. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സിപിഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു.

‘മന്ത്രിസഭയിലെ ഒരാള്‍ക്കെതിരെ ആക്ഷേപം വന്നാല്‍ അത് മുഖ്യമന്ത്രിയോട് പറയാതെ റവന്യു മന്ത്രി സ്വന്തം നിലയ്ക്ക് പരിഹരിക്കാന്‍ ശ്രമിച്ചു. അത് ശരിയല്ല. എന്‍സിപി അറിലേന്ത്യാ പാര്‍ട്ടിയാണ്. അവര്‍ ഒരു മണിക്കൂറാണ് സമയം ചോദിച്ചത്.

എന്നാല്‍ അതിനു പോലും കാത്തു നില്‍ക്കാതെയാണ് അവര്‍ മന്ത്രി സഭ ബഹിഷ്‌കരിച്ചത്’. മന്ത്രി സഭ ബഹിഷ്‌കരിച്ച തീരുമാനം മര്യാദകേടാണെന്നും എംഎം മണി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മണി.

തോമസ് ചാണ്ടി വിഷയത്തില്‍ ഇരുപാര്‍ട്ടി പത്രങ്ങളുടെയും മുഖ പ്രസംഗങ്ങളിലൂടെ സിപിഎമ്മും സിപിഐയും പരസ്പരം നടത്തിയ പോര്‍വിളികളുടെ വിവാദം കെട്ടടങ്ങും മുമ്പെയാണ് എംഎം മണിയുടെ പ്രസ്താവന. ബുധനാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു മുമ്പ് സിപിഎമ്മുമായി സിപിഐ ചര്‍ച്ച നടത്താനിരിക്കെയാണ് വിഴുപ്പ ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന തരത്തില്‍ രൂക്ഷമായ പരാമര്‍ശം മണി നടത്തിയത്. ഇത് വലിയ വിവാദത്തിന് ഇടയാക്കും.