തിരുവനന്തപുരം, കൊല്ലം സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സിപിഎം നേതൃത്വം: കലാപമുണ്ടാക്കാന്‍ ബിജെപിയുടെ ബോധപൂര്‍വശ്രമം നടക്കുന്നുവെന്ന് കോടിയേരി

single-img
20 November 2017

തിരുവനന്തപുരത്തെ സിപിഎം ബിജെപി സംഘര്‍ഷത്തിലും കൊല്ലത്തെ സിപിഎം, എസ്ഡിപിഐ സംഘര്‍ഷത്തിലും പൊലീസിന് വീഴ്ചപറ്റിയെന്ന് സിപിഎം നേതൃത്വം. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ സിപിഎം ജില്ലാനേതൃത്വം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

ചവറയിലെ സംഘര്‍ഷത്തിന് കാരണം കമ്മിഷണറുടെ ജാഗ്രതക്കുറവെന്നാണ് പരാതി. സിപിഎം, എസ്ഡിപിഐ ജാഥകള്‍ ഒരേ റോഡിലൂടെ കടന്നുപോകുന്ന വിവരം അറിയാമായിരുന്നിട്ടും വേണ്ടത്ര പൊലീസിനെ വിന്യസിച്ചില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു. പൊലീസിനുള്ളിലെ നീക്കങ്ങളൊന്നും അജിത ബീഗം അറിയുന്നില്ലെന്നും സിപിഎം ആരോപിക്കുന്നു.

അതേസമയം തലസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കലാപം ഉണ്ടാക്കാന്‍ ബിജെപിയുടെ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. ബിജെപിയും എസ്ഡിപിഐയും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്തുണ്ടായ അക്രമത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. കരിക്കകത്ത് നടന്ന സംഘര്‍ഷത്തില്‍ പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. കണ്ണൂര്‍ അഴീക്കോട്ടുണ്ടായ അക്രമത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ വെള്ളക്കല്‍ സ്വദേശി നിഖിലിന് വെട്ടേറ്റിരുന്നു. തിരുവല്ലയിലുണ്ടായ ബിജെപി സിപിഎം സംഘര്‍ഷത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ വെണ്‍പാല സ്വദേശി ജോര്‍ജ് ജോസഫിനും വെട്ടേറ്റു.