രഞ്ജി ട്രോഫിയില്‍ കേരളത്തിന് അട്ടിമറി ജയം: 175 റണ്‍സുമായി ടീമിനെ നയിച്ച സഞ്ജു സാംസണ്‍ കളിയിലെ താരം

single-img
20 November 2017

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് 309 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ 95 റണ്‍സിന് കേരളം പുറത്താക്കി. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയതിന് ശേഷമായിരുന്നു കേരളത്തിന്റെ അട്ടിമറി വിജയം.

നാലു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേന, മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സിജോമോന്‍ ജോസഫ്, കെസി അക്ഷയ് എന്നിവരാണ് സൗരാഷ്ട്രയെ തകര്‍ത്തത്. 51.3 ഓവറില്‍ സന്ദര്‍ശകരുടെ പോരാട്ടം അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഉജ്ജ്വല സെഞ്ച്വറിയുമായി കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം.

ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിന് ഇത് നാലാം വിജയമാണ്. സ്‌കോര്‍: കേരളം 225, 6ന് 411 ഡിക്ലയേര്‍ഡ്. സൗരാഷ്ട്ര: 232, 95. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ കേരളം സജീവമാക്കി. കേരളം 24 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 225 റണ്‍സിന് പുറത്തായ കേരളം സൗരാഷ്ട്രയെ 232 റണ്‍സിലൊതുക്കി ഏഴ് റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗിസില്‍ സഞ്ജുവിന്റെ ബാറ്റിംഗ് മികവില്‍ ആറ് വിക്കറ്റിന് 411 റണ്‍സാണ് കേരളം അടിച്ചെടുത്തത്. 180 പന്തില്‍ പതിനാറ് ഫോറുകളും എട്ട് സിക്‌സറും ഉള്‍പ്പെടെ 175 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ആദ്യ ഇന്നിംഗിസില്‍ 67 റണ്‍സെടുത്ത സഞ്ജു തന്നെയായിരുന്നു കേരളത്തിന്റെ ടോപ്‌സ്‌കോറര്‍.